അമർത്യ സെന്നിനെ കുടിയൊഴിപ്പിക്കാൻ വിശ്വഭാരതി സർവകലാശാല; പ്രതിഷേധവുമായി അക്കാദമിക് വിദഗ്‌ധരും നാട്ടുകാരും

കൊൽക്കത്ത: നൊബേൽ സമ്മാന ജേതാവ് അമർത്യ സെന്നിന് വിശ്വഭാരതി സർവകലാശാല  നൽകിയ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ നിരവധി അക്കാദമിക് വിദഗ്‌ധരും നാട്ടുകാരും പ്രതിഷേധവുമായി ശാന്തിനികേതനിലെ തെരുവിലിറങ്ങി. പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ്, ചിത്രകാരൻ ശുഭപ്രശ്‌ന, ജോഗൻ ചൗധരി, ഗായകൻ മുൻ എം.പി കബീർ സുമൻ എന്നിവരും മറ്റ് പ്രമുഖ അക്കാദമിക് വിദഗ്‌ധരും ശാന്തിനികേതനിലെ അമർത്യ സെന്നിന്റെ വീടായ പ്രതിചിക്ക് മുൻപിൽ ധർണ നടത്തി.

പ്രതിഷേധം നടക്കുന്നിടത്ത് രണ്ട് വേദികളാണുള്ളത്. ഒരിടത്ത്, സാംസ്‌കാരിക പരിപാടികൾ നടക്കുമ്പോൾ, മറ്റിടത്ത് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധമാണുള്ളത്. നേരത്തെ, കീഴ്‌ക്കോടതി ഉത്തരവിടുന്നതുവരെ വിശ്വഭാരതി സർവകലാശാലയുടെ ഒഴിപ്പിക്കൽ നോട്ടീസ് സ്‌റ്റേ ചെയ്‌തിരുന്നു. കേസ് മെയ് 10ന് കീഴ്‌ക്കോടതിയിൽ വാദം കേൾക്കും.

അമർത്യ സെന്നിന്റെ ശാന്തിനികേതനിലെ വസതിയുൾപ്പെടുന്ന ഭൂമി മെയ് ആറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല നേരത്തെ ഒഴിപ്പിക്കൽ നോട്ടീസ് അയച്ചിരുന്നു. ഈ ഭൂമി സെൻ അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും ഉത്തരവ് പാലിക്കാത്തപക്ഷം​ അദ്ദേഹത്തെ കുടിയൊഴിപ്പിക്കുമെന്നാണ് സർവകലാശാല മുന്നറിയിപ്പ്.

നൊബേൽ സമ്മാന ജേതാവിന്റെ ശാന്തിനികേതനിലെ വസതിയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിനെ നിസാരമായി കാണില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Bengal intelligentsia take to streets against eviction notice to Amartya Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.