കൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകരോട് കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കിന്റെ മീശയും താടിയും പറിച്ചെടുക്കാനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ വിജയം ഉറപ്പാക്കാനും ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രി ഉദയൻ ഗുഹ. ഉദയൻ ഗുഹയുടെ ആഹ്വാനം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പ്രാദേശിക വാർത്താ ചാനലുകൾ പ്രസംഗത്തിന്റെ വീഡിയോ സംപ്രഷണം ചെയ്തു. ഗുഹ നിയമസഭാംഗമായ ദിൻഹത നിയമസഭാ മണ്ഡലത്തിലെ ഷുകരൂർ കുടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രി പ്രമാണിക് തന്റെ വോട്ടർമാരെ അവഗണിച്ചുവെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയാളെ പരാജയപ്പെടുത്തി അർഹമായ പരിഗണന പൊതുജനങ്ങൾ നൽകണമെന്നും ബുധനാഴ്ച നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ ഗുഹ പറഞ്ഞതായി വീഡിയോ പ്രചരിപ്പിക്കുന്നവർ അവകാശപ്പെടുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂച്ച്‌ബിഹാർ സീറ്റിൽ വിജയിച്ചതിന് ശേഷം കേന്ദ്രമന്ത്രി ഒരിക്കലും ഈ മേഖലയിൽ കാലുകുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"നിസിത് പ്രമാണിക് ഒരിക്കലും നിങ്ങളെ ശ്രദ്ധിക്കില്ല. 2019ലെ കൂച്ച്‌ബിഹാറിൽ നിന്നുള്ള ലോക്‌സഭാ വിജയത്തിന് ശേഷം അദ്ദേഹം വോട്ടർമാരുടെ വിശ്വാസത്തിന് പ്രതിഫലം നൽകിയില്ല. ഇപ്പോൾ 2023 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ സഹായിക്കൂ. അത് പ്രമാണിക്കിനെ പുറത്താക്കുന്നതിന് വഴിയൊരുക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയാളുടെ താടിയും മീശയും പറിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ" -ഗുഹ പറഞ്ഞു.
ഗുഹയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബി.ജെ.പി രംഗത്തെത്തി. "തങ്ങളുടെ കാൽക്കീഴിൽ നിന്ന് പരവതാനി വഴുതിപ്പോകുന്നത് കണ്ട്, ഉദയൻ ഗുഹയെപ്പോലുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ എല്ലാത്തരം വൃത്തികെട്ടതും വന്യവുമായ അഭിപ്രായങ്ങൾ പറയുകയാണ്. പഞ്ചായത്ത്, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസ്സിന് ബംഗാളിലെ ജനങ്ങൾ തക്ക മറുപടി നൽകും'' -സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.