കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിലെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷപ്പെടുത്തി ബംഗാൾ പൊലീസ്. അഞ്ചു മണിക്കൂർ നീണ്ട പ്രയത്നത്തിലൂടെയാണ് പൊലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. ഞായറാഴ്ച രാവിലെ വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയ ബൈക്കിലെത്തിയ രണ്ട് പേർചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. പൊലീസിനെ അറിയിച്ചാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ പിതാവിന് തട്ടിക്കൊണ്ടുപോയവരുടെ ഫോൺ കാൾ ലഭിച്ചു.
നഗരത്തിലെ ബിസിനസുകാരനായ പെൺകുട്ടിയുടെ പിതാവിൽ നിന്ന് മോചനദ്രവ്യം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പരാതി ലഭിച്ച ഉടൻ പെൺകുട്ടിയെ രക്ഷിക്കാനുള്ള ഓപറേഷൻ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോയവരുടെ സ്ഥാനം പശ്ചിമ ബംഗാൾ-ബിഹാർ അതിർത്തിക്ക് സമീപമാണെന്ന് കണ്ടെത്തി. തുടർന്ന് ബിഹാറിലേക്കുള്ള എല്ലാ റൂട്ടുകളിലും പരിശോധന ആരംഭിച്ചു.
ഇസ്‌ലാംപൂർ, റായ്ഗഞ്ച് തുടങ്ങിയ സമീപ ജില്ലകൾക്കും മാൾഡ പൊലീസ് ജാഗ്രതാ നിർദേശം നൽകി. ഫോണിൻ്റെ കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും ശ്രമം ഊർജിതമാക്കാനും പോലീസിന് കഴിഞ്ഞു. പ്രതികളായ ഹരിശ്ചന്ദ്രപൂർ സ്വദേശികളായ ഇജാസ് അഹമ്മദ്, രാജു മുസ്തഫ എന്നിവരെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇത്ഹാർ, കരണ്ടിഗി, ദൽഖോല വഴി ബീഹാറിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളിൽ നിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. ഇവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.