കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.
പ്രാദേശിക ടി.എം.സി നേതാവിന്റെ മകന്റെ വസതിയിൽ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം മകൾക്ക് അമിതമായി രക്തസ്രാവവും വയറുവേദനയും അനുഭവപ്പെട്ടതായി മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു.
മരണസർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് ഒരു കൂട്ടം ആളുകൾ മൃതദേഹം ദഹിപ്പിക്കുന്നതിനായി നിർബന്ധിച്ച് കൊണ്ടുപോയതായും കുടുംബം ആരോപിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അക്രമണങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ലെന്ന് മുതിർന്ന ടി.എം.സി നേതാവും സംസ്ഥാന വനിതാ ശിശു വികസന മന്ത്രിയുമായ ശശി പഞ്ച പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുതെന്നും ശരിയായ വിധം അന്വേഷണം നടത്തി പ്രതികൾക്കെതിരെ നടപടി എടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഹൻസ്‌ഖാലിയിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.