ഇന്ത്യൻ ഭരണഘടന സാന്താളി ഭാഷയിലേക്ക് തർജമ ചെയ്തതിനെ പ്രശംസിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാൾ, സിന്ധോ കാൻഹോ ബിർസ യൂനിവേഴ്സിറ്റിയിലെ അധ്യാപകൻ ശ്രീപതി തുടുവാണ് സാന്താളി ഭാഷയിലെ ഒൾ ചിക്കി ലിപിയിലേക്ക് തർജമ ചെയ്തത്. ലിപി ശ്രദ്ധിക്കപ്പെട്ടതോടെ ബംഗാളിലെ ഗോത്രരാഷ്ട്രീയം ഉണർന്നിരിക്കുകയാണ്.
സാന്താൾ വിഭാഗക്കാരനാണ് തുടു. സാന്താളി സാഹിത്യത്തിന്‍റെ ചരിത്രമാണ് അദ്ദേഹത്തിന്‍റെ പഠനവിഷയം. മൻ കി ബാത്തിൽ പ്രശംസിക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ടെന്ന് തുടു പ്രതികരിച്ചു.
"ഇന്ത്യൻ ഭരണഘടനയിലെ പല വ്യവസ്ഥകളും സാന്താൾ സമുദായത്തിന് പരിചിതമായിരുന്നില്ല. ഓരോ പൗരനും ഭരണഘടന അറിയണമെന്നതുകൊണ്ടാണ് ഈ ഉദ്യമം ഏറ്റെടുത്തത്. ഇത് സമുദായത്തിന്‍റെ രാഷ്ട്രീയ ബോധം വളർത്തും" -തുടു പറയുന്നു.
എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് പണ്ഡിറ്റ് രഘുനാഥ് മുർമുവാണ് ഒൾ ചിക്കി ലിപി വികസിപ്പിച്ചത്. പിന്നീട് ആദിവാസി സമൂഹത്തിനിടയിൽ പ്രചാരം നേടിയ ലിപി 1979 ജൂലൈ അഞ്ചിന് ജ്യോതി ബസു സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. എങ്കിലും സ്കൂൾ തലത്തിൽ ഒൾ ചിക്കി പഠിപ്പിച്ച് തുടങ്ങിയിട്ട് ഒരു ദശകമേ ആകുന്നുള്ളൂ.
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഒഡിഷ, അസം തുടങ്ങി മറ്റ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും ഉപയോഗത്തിലുള്ള ഭാഷയാണ് സാന്താളി. അതുകൊണ്ട് ഭരണഘടന തർജമ ചെയ്തത് ഏറെ പ്രധാനമാണെന്ന് അഖിലേന്ത്യ സാന്താളി സാഹിത്യ സമിതി സെക്രട്ടറി ദിജപദ ഹൻസ്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.