ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസം; അവശരായ നാലു പേർ ആശുപത്രിയിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് നാല് ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതി തേടി ബംഗാളിലെ ജൂനിയർ ഡോക്ടർമാർ രാജ്ഭവനിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ്. നിരാഹാര സമരത്തിനിടെ ചീഫ് സെക്രട്ടറി മനോജ് പന്ത് സീനിയർ ഡോക്ടർമാരുമായി ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അതേസമയം, നാളെ നടക്കുന്ന ദുർഗാപൂജ കാർണിവലിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

ഞായറാഴ്ച രാത്രിയാണ് എൻ.ആർ.എസ് മെഡിക്കൽ കോളജിലെ പുലസ്ത ആചാരിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണിദ്ദേഹം. കൊൽക്കത്ത മെഡിക്കൽ കോളജിൽ നിന്നുള്ള ഡോ. അനുസ്തുപ് മുഖർജിയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ച സി.സി.യുവിലേക്ക് മാറ്റി. കൊൽക്കത്തയിലെ ഏഴ് പേർക്കൊപ്പം നിരാഹാര സമരത്തിൽ പങ്കെടുത്ത വടക്കൻ ബംഗാളിലെ രണ്ട് ഡോക്ടർമാരിൽ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരാഹാര സമരത്തിലുള്ള പല ഡോക്ടർമാരും രോഗബാധിതരാണ്. പരിശോധനയിൽ ഇവരുടെ മൂത്രത്തിൽ കെറ്റോണി​ന്‍റെ അളവ് ഗണ്യമായ കണ്ടെത്തി. ഇത് ദീർഘിച്ച പട്ടിണിയുടെ അടയാളമാണ്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും നിരാഹാര സമരം തുടരുകയാണ്. വി.ഐ.എം.എസിൽ നിന്നുള്ള ഡോ. പരിചയ് പാണ്ഡയും സി.എൻ.എം.സിയിലെ ഡോ. അലോലിക ഘോരുയിയും കഴിഞ്ഞ ആഴ്ച നിരാഹാര സമരത്തിൽ പങ്കെടുത്തു.

ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടിയാണ് നിരാഹാര സമരം. ജോലിസ്ഥലത്തെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ, കേന്ദ്രീകൃത റഫറൽ സംവിധാനം, കിടക്ക ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സംവിധാനം, സി.സി.ടി.വി, ഓൺ-കോൾ റൂമുകൾ, ആശുപത്രികളിൽ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Bengal’s junior doctors on protest to march to Raj Bhavan as their hunger strike enters 10th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.