സിഖ് വിദ്യാർഥിനിയോട് തലപ്പാവ് അഴിക്കണമെന്ന് ബംഗളൂരു കോളജ് അധികൃതർ; പ്രതിഷേധമുയർന്നതോടെ പിൻവലിച്ചു

ബംഗളൂരു: ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ മുസ്​ലിം പെൺകുട്ടികൾ സമർപ്പിച്ച ഹരജിയിൽ ഹൈകോടതിയിൽ വാദം തുടരുന്നതിനിടെ, മൗണ്ട് കാർമൽ കോളജിൽ സിഖ് പെൺകുട്ടിയോട് തലപ്പാവ് അഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ ചൊല്ലി വിവാദം. പി.യു രണ്ടാം വർഷ വിദ്യാർഥിനി അമിതേശ്വർ കൗറിനോടാണ് കോളജ് അധികൃതർ തലപ്പാവ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.

വിഷയം വിവാദമായതോടെ കോളജ് അധികൃതർ ആവശ്യ​ത്തിൽ നിന്ന് പിൻമാറി. കർണാടക സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും സിഖുകാരോട് തലപ്പാവ് നീക്കം ചെയ്യാൻ പറയുന്നത് സിഖ് സമൂഹത്തിന് മുഴുവൻ അപമാനമാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കാവി ഷാളുകൾ, ഹിജാബ്, മതചിഹ്നങ്ങൾ എന്നിവ ധരിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഫെബ്രുവരി 10 ലെ ഇടക്കാല ഉത്തരവിന്റെ ഭാഗമായാണ് തലപ്പാവ് നീക്കം ചെയ്യാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടതെന്ന് കോളജ് അധികൃതർ പറഞ്ഞു. എന്നാൽ, ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അനിവാര്യ ഘടകമാണെന്നും മനസ്സിലായതിനാൽ ഈ ആവശ്യത്തിൽനിന്നും തങ്ങൾ പിന്മാറിയതായും ഇവർ അറിയിച്ചു.

'ഒരു തവണ മാത്രമാണ് തലപ്പാവ് നീക്കം ചെയ്യാൻ സിഖ് വിദ്യാർഥിനിയോട് കോളജ് അഭ്യർത്ഥിച്ചത്. ക്ലാസുകളിൽ പങ്കെടുക്കരുതെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. തുടർന്ന്, കുട്ടിയുടെ അച്ഛനും കോളജും തമ്മിൽ മാന്യമായി ഈ വിഷയം ഇമെയിൽ വഴി ചർച്ച ചെയ്തു. സാഹചര്യങ്ങൾ ഇരുപക്ഷവും മനസ്സിലാക്കിയതോടെ വിഷയം അവസാനിപ്പിച്ചു. വരും ദിവസങ്ങളിലും വിദ്യാർഥിയെ തലപ്പാവ് ധരിക്കാൻ അനുവദിക്കും' -കോളജ് വക്താവ് 'ദി ക്വിന്റി'നോട് പറഞ്ഞു.

പെൺകുട്ടി തലപ്പാവ് ധരിച്ചതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോളജ് അധികൃതർ പ്രതികരിച്ചു. ഫെബ്രുവരി 16 ന് കോളജ് തുറന്നപ്പോൾ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അറിയിച്ചിരുന്നു. കോളജ് അതിന്‍റെ സാധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക മാത്രമാണ് ചെയ്തത്. പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷനൽ ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീരാം കോളജ് സന്ദർശിച്ചപ്പോൾ, തലമറച്ച പെൺകുട്ടികളെ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരോട് തലമറക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പറഞ്ഞു. അപ്പോൾ, സിഖ് പെൺകുട്ടികളോടും അവരുടെ തലപ്പാവ് നീക്കം ചെയ്യാൻ നിർദേശിക്കണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടു -കോളജ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

'ഞങ്ങൾക്ക് ഹൈക്കോടതി ഉത്തരവ് പാലിക്കാൻ മാത്രമേ കഴിയൂ' -ജി ശ്രീരാം

കൂടുതൽ വിഷയങ്ങൾ വലിച്ചിഴക്കേണ്ടതില്ലെന്നും ഹൈകോടതി വിധി പാലിച്ചാൽ മാത്രം മതിയെന്നും പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ (നോർത്ത്) ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീരാം മാധ്യമങ്ങളോട് പറഞ്ഞു. "ഹൈകോടതി ഉത്തരവിൽ സിഖ് തലപ്പാവിനെക്കുറിച്ച് ഒന്നും പറയുന്നില്ല. നമ്മൾ ഇപ്പോൾ കൂടുതൽ വിഷയങ്ങൾ വലിച്ചിഴക്കേണ്ടതില്ല. ഹൈകോടതി വിധി മാത്രം പാലിച്ചാൽ മതി. ഞാൻ പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ, പെൺകുട്ടികൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്. കോളജിൽ ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല' -അദ്ദേഹം പറഞ്ഞു'

ഞങ്ങൾ മതപരമായ ആചാരങ്ങളെ ബഹുമാനിക്കുന്നു - മൗണ്ട് കാർമൽ കോളജ്

"ഞങ്ങൾ ബഹുസ്വര സമൂഹത്തിൽ വിശ്വസിക്കുന്നു. എല്ലാ മതപരമായ ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്. മതങ്ങൾ തമ്മിൽ സജീവമായ കൂട്ടായ്മ നിലനിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ചിഹ്നങ്ങൾ നിരോധിക്കുന്ന കോടതി ഉത്തരവ് പിന്തുടർന്ന് കൊണ്ട് യൂണിഫോം കോഡ് കൊണ്ടു വരുന്നതിന് വേണ്ടിയാണ് പെൺകുട്ടിയുടെ പിതാവിന് കത്തയച്ചത്. ഞങ്ങൾ എല്ലാ മതപരമായ ആചാരങ്ങളെയും ബഹുമാനിക്കുന്നതായി കത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു'' - മൗണ്ട് കാർമൽ കോളജ് അധികൃതർ പറഞ്ഞു.

കോളജിന്റെ നീക്കം ഞെട്ടിച്ചു -വിദ്യാർഥിയുടെ പിതാവ് ഗുർചരൺ സിങ്

മതപരമായ തലപ്പാവ് അഴിപ്പിക്കാനുള്ള കോളജിന്റെ നീക്കം തങ്ങളെ ഞെട്ടിച്ചുവെന്ന് വിദ്യാർഥിയുടെ പിതാവ് ഗുർചരൺ സിങ് പറഞ്ഞു. ഒരു സിഖുകാരനോട് അവന്റെ/അവളുടെ തപ്പാവ്) നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് മുഴുവൻ സിഖ് സമൂഹത്തിനും വലിയ അപമാനമാണ്.

"ദസ്താർ (തലപ്പാവ്) അഴിച്ചിട്ട് കോളജിൽ വന്നാൽ മതിയെന്ന് പി.യു രണ്ടാം വർഷ വിദ്യാർഥിനിയും കോളജ് (യൂണിയൻ) പ്രസിഡന്റുമായ എന്റെ മകൾ അമിതേശ്വർ കൗറിനോട് കോളജ് അധികൃതർ പറഞ്ഞു. എന്നാൽ, അവൾ ഒരു അമൃതധാരി സിഖ് ആയതിനാൽ തലപ്പാവ് അഴിക്കാനാവി​ല്ലെന്ന് അവൾ വിനയപൂർവ്വം അറിയിച്ചു. കർണാടക സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മുസ്‍ലിം പെൺകുട്ടികൾ തലമറക്കുന്നത് കോളജ് അധികൃതർ പരിശോധിക്കുന്നുണ്ട്. പിന്നീട് തന്റെ മകളേയും ഒറ്റപ്പെടുത്തി ദസ്താർ (തലപ്പാവ്) നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു' - ബംഗളൂരു അൾസൂരിലെ ശ്രീ ഗുരു സിങ് സഭയുടെ അഡ്മിനിസ്‌ട്രേറ്റർക്ക് എഴുതിയ കത്തിൽ സിങ് വ്യക്തമാക്കി.

'വിശ്വാസത്തിന്റെ ഭാഗമായി തട്ടം കൊണ്ട് തല മറയ്ക്കാൻ ആഗ്രഹിക്കുന്ന മുസ്‍ലിം പെൺകുട്ടികൾക്കൊപ്പം ഞങ്ങളും നിലകൊള്ളുന്നു. ഇത് നമ്മുടെ രാജ്യത്ത് നേരത്തെ തന്നെ ആചരിക്കുന്ന വിശ്വാസപരമായ കാര്യമാണ്. അത് അതുപോലെ തുടരാൻ അവരെ അനുവദിക്കണമെന്നാണ് അധികൃതരോടുള്ള എന്റെ അഭ്യർത്ഥന. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്. ദസ്താർ (തലപ്പാവ്) ഒരു സിഖുകാരന്റെ അവിഭാജ്യ ഘടകമാണ്. ഞങ്ങൾ അവയെ എല്ലായ്‌പ്പോഴും ശരീരത്തോട് ചേർത്ത് ഭദ്രമായി സൂക്ഷിക്കുന്നു. ഗുരു ഗോവിന്ദ് സിങ് സമ്മാനിച്ച തലപ്പാവിനെ, നമ്മുടെ ശരീരത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്' -സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Bengaluru College First Asks Sikh Girl Student to Remove Turban, Then Allows It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.