ബംഗളൂരു: കോളജിൽ പെൺകുട്ടികളുടെ കുളിമുറിയിൽ ഒളി കാമറ വെക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. ഹൊസകേരെഹള്ളി സ്വദേശി ശുഭം ആസാദ് ആണ് അറസ്റ്റിലായത്. നഗരത്തിലെ മറ്റൊരു സ്വകാര്യ കോളജിൽ ബി.ബി.എ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയാണിയാൾ. കുറഞ്ഞത് 2000 പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇതിന് മുമ്പ് പകർത്തിയതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് സൂചന ലഭിച്ചു.
കുളിമുറിയിൽ കാമറ ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനികളാണ് പ്രതിയെ കണ്ടതെന്ന് സിറ്റി പൊലീസ് പറഞ്ഞു. കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും നേരത്തെ പെൺകുട്ടികളുടെ വിഡിയോ പകർത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അന്ന് വിദ്യാർഥികളോട് മാപ്പ് പറയുകയും കോളജ് അധികൃതർ ഇയാളെ വെറുതെ വിടുകയുമായിരുന്നു.പുതിയ സംഭവത്തിൽ ഗിരിനഗർ പൊലീസ് സ്റ്റേഷനിൽ കോളജ് മാനേജ്‌മെന്റ് പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളുടെ 1200 ചിത്രങ്ങളും വിഡിയോകളും അടങ്ങിയ മൊബൈൽ ഫോൺ ആസാദിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ, ഇയാളുടെ കൈവശം ഒരു മൊബൈൽ ഫോൺ കൂടി ഉണ്ടെന്നും അത് ഇനിയും കണ്ടെടുക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.