ബംഗളൂരു: ശ്മശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്മശാനമാക്കി അധികൃതർ. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതരുടെ തീരുമാനം.
കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കൽ ക്വാറിയിൽ താൽക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താൽകാലിക ശ്മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവിടം വൃത്തിയാക്കി 15 മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാൻ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അർബർ ജില്ല കമീഷണർ മഞ്ജുനാഥ് പറഞ്ഞു. കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി തേവരെകരെ പ്രേദശത്ത് ഉപയോഗിക്കാതിരുന്ന ശ്മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിന്‍റെ പടിഞ്ഞാറൻ പ്രദേശത്താണ് ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ് ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്മശാനത്തിൽ പ്രതിദിനം 30 മുതൽ 40 മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്മശാനം നിയന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയർമാരെയും നിയമിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്കായി കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടില്ല, അതിനാൽ ആളുകൾ കഷ്ടെപ്പടുകയാണെന്നും ശ്മശാനം നടത്തിപ്പുകാരനായ സുരേഷ് പറയുന്നു.
മൂന്നാഴ്ചയായി 24 മണിക്കൂറാണ് ബംഗളൂരുവിലെ ഏഴു ശ്മശാനങ്ങളുടെയും പ്രവർത്തനം. ശനിയാഴ്ച അറ്റകുറ്റപണികൾക്കായി ഒരു ശ്മശാനം അടച്ചിരുന്നു. ശനിയാഴ്ച കർണാകടയിൽ 482 കോവിഡ് മരണമാണ് റിപ്പോർട്ട് െചയ്തത്. ഇതിൽ 285 എണ്ണം ബംഗളൂരുവിൽ മാത്രവും. വെള്ളിയാഴ്ച 346 മരണം ബംഗളൂരുവിൽ സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.