ബംഗളൂരു കഫേ സ്ഫോടനം: നാലു പേർ കസ്റ്റഡിയിൽ; എൻ.എസ്.ജി ബോംബ് വിദഗ്ധ സംഘമെത്തി

ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ നാലുപേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ലോക്കൽ പൊലീസിൽനിന്ന് കേസ് ശനിയാഴ്ച കർണാടക പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഏറ്റെടുത്തു. എൻ.എസ്.ജിയുടെ ബോംബ് വിദഗ്ധ സംഘവും എൻ.ഐ.എ ടീമും ശനിയാഴ്ച സി.സി.ബി സംഘത്തിനൊപ്പം സ്ഫോടന സ്ഥലത്തെത്തി പരിശോധന നടത്തി.

കേസിൽ യു.എ.പി.എ വകുപ്പും ചുമത്തിയതിനാൽ വൈകാതെ എൻ.ഐ.എ ഏറ്റെടുത്തേക്കും. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ വിവിധ സി.സി.ടി.വികളിൽനിന്നായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയൽ എളുപ്പമാണെന്നും വൈകാതെ പ്രതി പിടിയിലാവുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒമ്പതു പേരെയും ശനിയാഴ്ച മുഖ്യമന്ത്രി സന്ദർശിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ കർണാടക സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയിൽ ഒളിപ്പിച്ച് മടങ്ങുകയായിരുന്നു. ഇയാൾ വരുന്നതിന്‍റെയും മടങ്ങുന്നതിന്‍റെയുമടക്കം വിവിധ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

Tags:    
News Summary - Bengaluru Rameswaram Cafe Blast; One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.