ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ അങ്കത്തട്ടിൽ ആറു മലയാളികൾ. ഏറെക്കാലമായി കർണാടക രാഷ്ട്രീയത്തിലുള്ള കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എമാരായ യു.ടി. ഖാദർ (മംഗളൂരു), എൻ.എ. ഹാരിസ് (ശാന്തിനഗർ), കെ.ജെ. ജോർജ് (സർവജ്ഞ നഗർ) എന്നിവർക്കുപുറമെ, ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ കെ. മത്തായി (ശാന്തിനഗർ), പ്രകാശ് നെടുങ്ങാടി (ശിവാജി നഗർ), ജെ.ഡി- എസ് ടിക്കറ്റിൽ സി.എം. ഫായിസ് മുഹമ്മദ് എന്നിവരും മത്സരിക്കുന്നു. ബംഗളൂരുവിലെ ശാന്തി നഗറിൽ എൻ.എ. ഹാരിസും കെ. മത്തായിയും നേർക്കുനേരാണ് മത്സരം.
കോട്ടയം ചിങ്ങവനം സ്വദേശിയായ മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബം കുടകിലേക്ക് കുടിയേറിയവരാണ്. 1989ലെ വീരേന്ദ്ര പാട്ടീൽ മന്ത്രിസഭയിലും 1990ൽ ബംഗാരപ്പ മന്ത്രിസഭയിലും 2013ലെ സിദ്ധരാമയ്യ മന്ത്രിസഭയിലും ചുമതല വഹിച്ചു. മലയാളി വോട്ടർമാരുടെ സ്വാധീനമുള്ള മണ്ഡലത്തിൽ വിജയപ്രതീക്ഷയിലാണ് ജോർജ്.
കാസർകോട് ചന്ദ്രഗിരി കീഴൂർ നാലപ്പാട് കുടുംബാംഗമായ എൻ.എ. ഹാരിസിന്റെ പിതാവ് എൻ.എ. മുഹമ്മദ്, ഭദ്രാവതി മുനിസിപ്പൽ മുൻ ചെയർമാനും 2004 ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട്ട് കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്നു. 2004ൽ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ ശിവാജിനഗറിൽനിന്ന് തോറ്റെങ്കിലും ശാന്തിനഗർ മണ്ഡലത്തിലേക്ക് മാറിയതോടെ വിജയത്തിൽ ഹാട്രിക് തീർത്തു. ബി.ജെ.പി, ജെ.ഡി-എസ് സ്ഥാനാർഥികൾക്കുപുറമെ, ഇത്തവണ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി കെ.എ.എസ് കേഡർ മുൻ ഉദ്യോഗസ്ഥനായ കെ. മത്തായിയും ഹാരിസിനെ എതിരിടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നിരന്തരം പോരാടിയ മത്തായി പത്തു വർഷത്തിനിടെ 28 തവണ സ്ഥലംമാറ്റത്തിന് വിധേയമായിട്ടുണ്ട്.
ശിവാജി നഗർ മണ്ഡലത്തിലെ ആപ് സ്ഥാനാർഥി പ്രകാശ് നെടുങ്ങാടി ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ഐ.ഐ.എം കൊൽക്കത്തയിൽനിന്ന് എം.ബി.എ പൂർത്തിയാക്കിയ പ്രകാശ് നെടുങ്ങാടി ഹിന്ദുസ്ഥാൻ ലിവർ, പ്രോക്ടർ ആൻഡ് ഗാംബ്ൾ, ബിർല ഗ്രൂപ് തുടങ്ങിയ കോർപറേറ്റ് കമ്പനികളിൽ 38 വർഷത്തോളം മാനേജ്മെന്റ് പദവി വഹിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
കണ്ണൂർ കൂത്തുപറമ്പ് കിണവക്കലിൽ കുടുംബവേരുകളുള്ള മുൻ കേന്ദ്രമന്ത്രിയും ജെ.ഡി-എസിന്റെ കർണാടക അധ്യക്ഷനുമായ സി.എം. ഇബ്രാഹിമിന്റെ മകൻ സി.എം. ഫായിസ് മുഹമ്മദാണ് മറ്റൊരു മലയാളി സ്ഥാനാർഥി. ബിദറിലെ ഹുംനാബാദിൽനിന്ന് ജെ.ഡി-എസ് ടിക്കറ്റിൽ ഫായിസ് ജനവിധി തേടും.
ദക്ഷിണ കന്നട ജില്ലയിലെ മലയാളി കോട്ടയായ മംഗളൂരുവിൽനിന്നാണ് കാസർകോട്ട് കുടുംബവേരുള്ള മുൻ മന്ത്രി യു.ടി. ഖാദർ മത്സരിക്കുന്നത്. 1972, 78, 99, 2004 വർഷങ്ങളിൽ മണ്ഡലത്തെ പ്രതിനിധാനംചെയ്ത യു.ടി. ഫരീദിന്റെ മകനാണ് യു.ടി. ഖാദർ. 2008, 2013, 2018 വർഷങ്ങളിൽ അദ്ദേഹം വിജയിച്ച് ഹാട്രിക് തികച്ചു. ദക്ഷിണ കന്നടയിൽ കോൺഗ്രസിന്റെ കൈവശമുള്ള ഏക സീറ്റിലാണ് ഖാദറിന്റെ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.