ശ്രീനഗർ: ഫലസ്തീനെയും ലെബനാനെയും ഗ്യാസ് ചേംബറുകളാക്കി മാറ്റിയതിനാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഡോൾഫ് ഹിറ്റ്ലർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭീകരനാണെന്ന് പി.ഡി.പി പ്രസിഡന്‍റ് മെഹബൂബ മുഫ്തി.ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടതിനെ മെഹബൂബ നേരത്തെ അപലപിക്കുകയും ലെബനാനിലെയും ഫലസ്തീനിലെയും ജനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഒരു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കുകയും ചെയ്തിരുന്നു.
‘ഇന്‍റർനാഷണൽ ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ വിധി പുറപ്പെടുവിച്ചു. ഫലസ്തീനിൽ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഇപ്പോൾ ലെബനാനിലും അത് തന്നെ തുടരുന്ന കുറ്റവാളിയാണ് അയാളെന്നും അതിനെ ഇങ്ങനെ അപലപിച്ചാൽ പോരായെന്നും മെഹബൂബ പറഞ്ഞു. ഹിറ്റ്‌ലർ ആളുകളെ കൊല്ലാൻ ഗ്യാസ് ചേംബറുകൾ സ്ഥാപിച്ചു. എന്നാൽ നെതന്യാഹു ഫലസ്തീനെയും ലെബനാനെയും ഗ്യാസ് ചേംബറുകളാക്കി. അവിടെ അവർ ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളുകയാണെന്നും അവർ പറഞ്ഞു.
നെതന്യാഹു ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തെറ്റാണെന്നും അവർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കാലം മുതൽ നമ്മൾ ഫലസ്തീനിനൊപ്പം നിന്നു. ഇസ്രായേലുമായി ബന്ധം പുലർത്തുകയും ആളുകളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങളും ഡ്രോണുകളും വിതരണം ചെയ്യുകയും ചെയ്യുന്നത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു -അവർ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തന്റെ ട്വീറ്റിനെ ബി.ജെ.പി വിമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ആ കൊലപാതകത്തിനെതിരെ രാജ്യത്ത് എത്രപേർ പുറത്തിറങ്ങുന്നുണ്ടെന്ന് കാവിപ്പാർട്ടി ഒന്ന് നോക്കൂവെന്നായിരുന്നു മറുപടി. കത്വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തവർക്കൊപ്പം നിന്നവരാണ് അവർ. ആ കുറ്റവാളികൾ ഇന്ന് ശിക്ഷ അനുഭവിക്കുന്നു. ബലാത്സംഗികളെ പിന്തുണച്ചതിന് അവരുടെ രണ്ട് മന്ത്രിമാരെ തനിക്ക് പുറത്താക്കേണ്ടി വന്നുവെന്നും പി.ഡി.പി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.