പുതുവർഷത്തിലെത്തുമ്പോൾ സാമ്പത്തിക രംഗത്തുള്ള മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ കീശ ചോരാൻ സാധ്യതയുണ്ട്. 2022 പിറക്കുമ്പോൾ ബാങ്കിങ് മേഖലയിലും ജി.എസ്.ടിയിലുമെല്ലാം മാറ്റങ്ങൾ വരുന്നുണ്ട്. ആ മാറ്റങ്ങൾ അറിഞ്ഞിരിക്കാം.
2022 പിറക്കുമ്പോൾ പരിധി കവിഞ്ഞ എ.ടി.എം ഇടപാടുകൾക്ക് ചെലവേറും. മാസത്തിൽ നടത്താവുന്ന ഇടപാടുകളുടെ പരിധി കവിഞ്ഞാൽ കൂടുതൽ നടത്തുന്ന ഇടപാടുകൾക്ക് ബാങ്കുകൾ നേരത്തെ ചാർജ് ഈടാക്കുന്നുണ്ട്. ഈ ചാർജ് 2022 ജനുവരി മുതൽ വർധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകൾ ഇടപാടുകാർക്ക് ഇതിനകം നൽകിയിട്ടുണ്ടാകും.
ഇൻഡ്യ പോസ്റ്റ് പേമെന്‍റ് ബാങ്ക് (ഐ.പി.പി.ബി) ഇടപാടുകളുടെ ചാർജ് 2022 ജനുവരി ഒന്നു മുതൽ വർധിപ്പിക്കുകയാണ്. പരിധിക്ക് പുറത്തുള്ള പണം പിൻവലിക്കലിനും പരിധിക്കകത്തുള്ള പണം പിൻവലിക്കലിനും ചാർജ് വർധിപ്പിച്ചിട്ടുണ്ട്. പണം നിക്ഷേപിക്കുന്നതിനും ജനുവരി 1 മുതൽ പുതിയ നിരക്കാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ചാർജുകൾക്ക് ജി.എസ്.ടി, സെസ്സ് തുടങ്ങിയവയും ബാധകമാണ്.
ബാങ്കുകളിലെ ലോക്കറുകളുടെ ഉത്തരവാദിത്വം ഇനിമുതൽ ബാങ്കുകൾക്ക് തന്നെയായിരിക്കും. ഇതു സംബന്ധിച്ച മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് പുതുക്കി.
തീപിടിത്തം, കവർച്ച, മറ്റെന്തെങ്കിലും കാരണം കൊണ്ടുള്ള തകർച്ച എന്നിവയൊന്നും സംഭവിക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ എന്തെങ്കിലും നാശമുണ്ടായാൽ ലോക്കറുകളുടെ വാർഷിക വാടകയുടെ നൂറു മടങ്ങ് നൽകാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ട്. ജീവനക്കാർ നടത്തുന്ന തട്ടിപ്പുകൾ കാരണമോ മറ്റോ ലോക്കറുകളിൽ സൂക്ഷിക്കുന്നവ നഷ്ടപ്പെട്ടാലും ബാങ്കുകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് റിസർവ് ബാങ്ക് വിജ്ഞാപനത്തിൽ പറയുന്നു. 2022 ജനുവരി 1 മുതൽ ഈ നിർദേശങ്ങൾ പ്രാബല്യത്തിലാകും.
പ്രതിമാസ റിട്ടേണുകളിലെ പിഴവുകൾക്ക് വ്യാപാരികൾ ഇനി വലിയ വില കൊടുക്കേണ്ടി വരും. പ്രതിമാസം നൽകുന്ന ജി.എസ്.ടി.ആർ 1, ജി.എസ്.ടി.ആർ -3ബി റിട്ടേണുകളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് വ്യാപാരികൾ ഉറപ്പു വരുത്തണം.
പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ നോട്ടീസ് നൽകാതെ നടപടി എടുക്കാനാകും. നികുതിയും പിഴയും ഈടാക്കാനും ഇല്ലെങ്കിൽ ജപ്തിയടക്കമുള്ള റിക്കവറി നടപടികളിലേക്ക് കടക്കാനുമാകും.
ജനുവരി മുതൽ ജി.എസ്.ടി സ്ലാബുകളിൽ മാറ്റം വരുന്നുമുണ്ട്. നികുതി ഏകീകരണത്തിന്‍റെ ഭാഗമായി വരുത്തുന്ന മാറ്റമനുസരിച്ച് ഗാർമെന്‍സ് ഇനങ്ങൾക്ക് വില കൂടും. 1000 രൂപയിൽ താഴെയുള്ള ഗാർമെന്‍സ് ഇനങ്ങൾക്ക് നേരത്തെ 5 ശതമാനം നികുതി ഉണ്ടായിരുന്നത് 12 ശതമാനമാക്കി വർധിപ്പിച്ചിട്ടുണ്ട്.
പ്രോവിഡന്‍റ് ഫണ്ട് ഉപയോക്താക്കളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം 2021 ഡിസംബർ 31 ന് അവസാനിക്കുകയാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പി.എഫ് വിഹിതം അടക്കുന്നതിലടക്കം തടസം നേരിടാൻ സാധ്യതയുണ്ട്. ഡിസംബർ 31 നകം പി.എഫ് നോമിനിയെ ചേർക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.