ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര-2 സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകാനും കോൺഗ്രസ് പ്രവർത്തക സമിതി ശനിയാഴ്ച ഹൈദരാബാദിൽ യോഗം ചേരും. മൂന്ന് ദിവസത്തെ യോഗമാണ് സംഘടിപ്പിക്കുന്നതെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷനാകും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കും.
ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിലും കോൺഗ്രസിൽ തന്നെയും വൻ ചലനങ്ങളുണ്ടാക്കിയിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ നിരവധി സാധാരണക്കാരാണ് പങ്കുചേർന്നത്. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
തിങ്കളാഴ്ച പാർട്ടി ഹൈദരാബാദിൽ മെഗാ റാലി നടത്തും. തെരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസിന് ജനങ്ങളിൽ നിന്ന് വ്യക്തമായ ജനവിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 2024ലെ നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ‘ഇൻഡ്യ’ സഖ്യത്തിന് തെലങ്കാന തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാകും. ഈയടുത്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ പാർട്ടി അധ്യക്ഷനായി 10 മാസത്തിന് ശേഷമാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഇതിൽ 39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.