ഭോപാൽ: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഈ മാസം 23ന് മധ്യപ്രദേശിൽ കടക്കും. മഹാരാഷ്ട്രയിൽനിന്ന് 21, 22 തീയതികളിൽ ഇടവേളയെടുത്ത് 23ന് മധ്യപ്രദേശിലേക്ക് പോകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
23ന് രാവിലെ ആറിന് ബുർഹാൻപുർ ജില്ലയിലെ ബോദർലി ഗ്രാമത്തിൽനിന്നാണ് യാത്ര ആരംഭിക്കുക. വൈകീട്ട് ബുർഹാൻപുർ നഗരത്തിൽ എത്തിച്ചേരുന്ന യാത്ര 24ന് അയൽജില്ലയായ ഖാണ്ട്വയിൽ കടക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ബഹുജന സമ്പർക്കയാത്ര 150 ദിവസങ്ങളിൽ 12 സംസ്ഥാനങ്ങളിലൂടെ 3570 കി.മീ. ദൂരം താണ്ടി ജമ്മു-കശ്മീരിൽ അവസാനിക്കും.
മഹാരാഷ്ട്രയിൽനിന്ന് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നടൻ അമോൽ പലേക്കറും ഭാര്യയും എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ സന്ധ്യ ഗോഖലെയും പങ്കെടുത്തു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇവരുടെ ചിത്രങ്ങൾ പങ്കിട്ടു. മുമ്പ് പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷപുരി തുടങ്ങിയ സിനിമ താരങ്ങൾ പങ്കെടുത്തിരുന്നു.
അതേസമയം, ആദിവാസികളെ ശാക്തീകരിക്കാൻ യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ നരേന്ദ്ര മോദി സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
പഞ്ചായത്ത്, വനാവകാശം, ഭൂമി അവകാശം, പഞ്ചായത്തീരാജ്, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം തുടങ്ങിയ നിയമങ്ങളെ മോദി സർക്കാർ ദുർബലപ്പെടുത്തിയതായി മഹാരാഷ്ട്രയിൽ ബുൽധാന ജില്ലയിലെ ജൽഗാവ്-ജാമോദിൽ നടന്ന ആദിവാസി മഹിള പ്രവർത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.