ന്യൂഡൽഹി: ഒരുമയുടെ വിളംബരവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്. ഡൽഹിയുടെ വീഥികളിലൂടെ പതിനായിരങ്ങൾക്കിടയിൽ ആവേശം വാരിവിതറി നീങ്ങിയ പദയാത്രയിൽ രാഹുലിന്റെ കൈകോർത്ത് സിനിമാതാരം കമൽ ഹാസൻ. അണിചേർന്ന് സോണിയ ഗാന്ധി, പ്രിയങ്ക.
2800ൽപരം കിലോമീറ്ററും ഒമ്പതു സംസ്ഥാനങ്ങളും പിന്നിട്ട യാത്രികർ 108ാം ദിവസം പുലർച്ചെ ഉത്തരേന്ത്യൻ തണുപ്പ് വകഞ്ഞുമാറ്റി ബദർപുർ അതിർത്തിയിലൂടെ ഡൽഹിയിലേക്ക് കടന്നുവന്നതു മുതൽ വൈകീട്ട് ചെങ്കോട്ടയിൽ സമാപനമാകുന്നതുവരെ വൻ ജനാവലിയുടെ ഊർജവും ആവേശവുമാണ് റോഡുകളിൽ നിറഞ്ഞു തുളുമ്പിയത്.
കോവിഡിന്റെ പേരിൽ സർക്കാർ മുന്നോട്ടുവെച്ച നിയന്ത്രണനിർദേശങ്ങളൊന്നും ആരും ഗൗനിച്ചില്ല. യാത്ര മുടക്കാനുള്ള ഗൂഢലക്ഷ്യമല്ലാതെ, വിദഗ്ധരുടെ മുന്നറിയിപ്പൊന്നുമില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും ഓർമിപ്പിച്ചു. കോവിഡിന്റെ പേരിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നതല്ലാതെ, ജനപിന്തുണയുള്ള യാത്ര തടയാൻ ഒന്നിനും കഴിയില്ലെന്നും അവർ ആവർത്തിച്ചു.
ഇന്ത്യ ഗേറ്റ് അടക്കം പ്രധാന നഗരകേന്ദ്രങ്ങളിലൂടെയാണ് യാത്ര മുന്നോട്ടുനീങ്ങിയത്. യാത്രക്കിടയിൽ ഗാന്ധിസമാധിയായ രാജ്ഘട്ടിലും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വാജ്പേയി എന്നിവരുടെ സ്മാരകങ്ങളിലും രാഹുൽ ഗാന്ധി ആദരമർപ്പിച്ചു.
ഹസ്റത് നിസാമുദ്ദീൻ ദർഗയും സന്ദർശിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്വേഷവും അകറ്റാനുള്ള ആഹ്വാനവുമായാണ് ‘രാജാധികാര’ കേന്ദ്രമായി മാറിയ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ട്വിറ്റർ കുറിപ്പ്. ജനുവരി മൂന്നിനാണ് യാത്രയുടെ അടുത്ത ഘട്ടം. അതുവരെ ക്രിസ്മസ്-പുതുവത്സര ഇടവേള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.