ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചരൺ സിങ്ങിനും ഭാരതരത്ന പുരസ്കാരം. കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.. സ്വാമിനാഥനും പുരസ്കാരത്തിന് അർഹനായി.
ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച നരസിംഹ റാവു 1991 മുതൽ 1996 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സിംഗ്, 1979ൽ പ്രധാനമന്ത്രിയായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ശില്പി എന്നാണ് പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. സ്വാമിനാഥൻ അറിയപ്പെടുന്നത്.
മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ഭാരതരത്ന ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഒരുപാട് മേഖലകളിൽ തിളങ്ങിയ ആളാണ് നരസിംഹ റാവു. പ്രധാനമന്ത്രിയെന്ന നിലയിലും ആന്ധ്രമുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എം.പി, എം.എൽ.എ എന്ന നിലകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. നരസിംഹറാവുവിന്റെ നേതൃത്വം ഇന്ത്യയിലെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ ഊർജം പകർന്നുവെന്നും മോദി വ്യക്തമാക്കി.
കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി എക്കാലവും പ്രവർത്തിച്ച വ്യക്തിയാണ് ചരൺ സിങ്ങെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിലും യു.പി മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു. അടിയന്തരാവസ്ഥക്കെതിരെയും അദ്ദേഹം പോരാടിയെന്ന് പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ പറഞ്ഞു.
കർഷകർക്കായി ചെയ്ത വലിയ സേവനങ്ങൾക്കാണ് എം.എസ് സ്വാമിനാഥന് പുരസ്കാരം നൽകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാർഷിക രംഗത്ത് സ്വയംപര്യാപ്ത കൈവരിക്കാൻ എം.എസ് സ്വാമിനാഥന്റെ സേവനങ്ങൾ ഇന്ത്യയെ സഹായിച്ചു. കാർഷിക മേഖലയെ ആധുനികവൽക്കരിച്ചത് എം.എസ് സ്വാമിനാഥനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ഇന്ത്യയുടെ കാർഷിക മേഖലയെ മാത്രമല്ല, ഭക്ഷ്യസുരക്ഷയേയും സ്വാധീനിച്ചുവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.