375 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു; നിഷേധിച്ച് എയർടെൽ

ന്യൂഡൽഹി: 375 മില്യൺ എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന് ആരോപണം. സെൻസെൻ എന്ന ഐഡിയിൽ നിന്നാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. എയര്‍ടെല്‍ ഉപഭോക്താക്കളുടെ ജൂൺ വരെയുള്ള വിവരങ്ങൾ ലഭ്യമാണെന്നാണ് ഹാക്കറുടെ അവകാശവാദം. ഉപയോക്താക്കളുടെ ആധാർ നമ്പറുകൾ, ഫോൺ നമ്പറുകൾ, ഇ മെയിൽ ഐഡികൾ, വിലാസങ്ങൾ, മാതാപിതാക്കളുടെ പേരുകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഒരു ഡാർക്ക് വെബ് ഫോറത്തിൽ 50,000 ഡോളറിന് വിൽപനക്ക് വെച്ചതായാണ് ഹാക്കർ വെളിപ്പെടുത്തിയത്.

എന്നാൽ  ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി നിയമവിരുദ്ധമായി വിൽപനക്ക് വെച്ചുവെന്ന റിപ്പോർട്ടുകൾ ഭാരതി എയർടെൽ നിഷേധിച്ചു. പ്രാഥമിക അന്വേഷണത്തിൽ എയർടെൽ സംവിധാനത്തിൽ ഡാറ്റ ലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ആർക്കും ആശങ്ക വേണ്ടെന്നും കമ്പനി വ്യക്തമാക്കി. എയര്‍ടെല്ലിന്‍റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് കമ്പനിയുടെ പ്രതികരണം.

2024 ജൂണിലാണ് എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചത് എന്ന് ഹാക്കര്‍ പറയുന്നുണ്ട്. തെളിവെന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൈവശമുള്ള ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ മുമ്പ് ശ്രമിച്ചിരുന്നു എന്നും ഹാക്കർ അവകാശപ്പെട്ടിട്ടുണ്ട്. എയര്‍ടെല്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി 2021ലും ആരോപണമുണ്ടായിരുന്നു. അന്നും കമ്പനി അത് നിഷേധിക്കുകയായിരുന്നു.

Tags:    
News Summary - Bharti Airtel denies claims of data breach of over 375 million users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.