ദലിത് പ്രക്ഷോഭം: ഹിന്ദു നേതാക്കൾക്കെതിരെ കേസ്; ജിഗ്നേഷിനും ഉമർ ഖാലിദിനുമെതിരെ പരാതി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ കോറഗണിൽ ദലിത് യുവാവ് മരിക്കാനിടയായ സാഹചര്യം സൃഷ്ടിച്ചതിന് രണ്ട് ഹിന്ദു നേതാക്കൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ഹിന്ദു ഏക്ത അഖാദി പ്രവർത്തകനായ മിലിന്ദ് എക്ബോട്ടെ, ശിവ് പ്രതിസ്ഥാൻ പ്രവർത്തകനായ സാംഭാജി ബിൻഡെ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം തടയൽ നിയമമനുസരിച്ചാണ് നടപടി. ബഹുജൻ റിപ്പബ്ളിക്കൻ സോഷ്യലിസ്റ്റ് പാർട്ടി അംഗമായ അനിത സാവേൽ ആണ് ഇവർക്കെതിരെ പരാതി നൽകിയത്. ഭിമ കോറഗൺ ഉൾപ്പെടുന്ന ശിക്രപുർ സ്റ്റേഷനിലാണ് കേസ്.

എന്നാൽ കലാപത്തിന് ചിലർ ബോധപൂർവം  ഹിന്ദു സംഘടനകളെ  കുറ്റപ്പെടുത്തുകയാണെന്നാണ് എക്ബോട്ടെയുടെ നിലപാട്. താനോ തന്‍റെ സംഘടനയോ ദലിതുകളെയും ദലിതുകളല്ലാത്തവരെയും വിവേചനത്തോടെ കണ്ടിട്ടില്ലെന്നും ശിവസേന ടിക്കറ്റിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച  ഏക്ബോട്ടെ വ്യക്തമാക്കി.

അതേസമയം, ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി, ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദ് എന്നിവർക്കെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഡിസംബർ 31ന് നടന്ന പൊതുപരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. പുനെയിലെ വിശ്രംബോഗ് സ്റ്റേഷനിലാണ് ഇവർക്കെതിരെ പരാതി ലഭിച്ചിട്ടുള്ളത്.

മഹാരാഷ്ടയിലെ ഭീമ കോറഗൺ ഗ്രാമത്തിൽ ജനുവരി ഒന്നിനാണ് സംഘർഷമുണ്ടായത്. കലാപത്തിൽ 28കാരനായ രാഹുൽ ഫടൻഗലെ എന്ന ദലിത് യുവാവ് കൊല്ലപ്പെട്ടിരുന്നു. നാല് പേർക്ക് പരിക്കേറ്റു. 1818 ൽ പേഷ്വാകളും ബ്രിട്ടീഷുകാരം തമ്മിൽ നടന്ന യുദ്ധത്തിന്‍റെ വിജയം ആഘോഷിക്കുകയായിരുന്നു ദലിതുകൾ. ഈ സമയം 40ഓളം വാഹനങ്ങൾ അഗ്നിക്കിരയാവുകയും നിരവധി വീടുകളും കടകളും കത്തിനശിക്കുകയും ചെയ്തു. 

തുടർന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് വലിയ പ്രക്ഷോഭം അരങ്ങേറി. ഇന്ന് ദലിതുകൾ ആഹ്വാനം ചെയ്ത ബന്ദിൽ  സംസ്ഥാനത്തെ ജനജീവിതം സതംഭിച്ചിരിക്കുകയാണ്. 
 

Tags:    
News Summary - Bhima Koregaon violence: 2 Hindu leaders booked, complaint against Jignesh Mevani, Umar Khalid-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.