റായ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഗുരുതരമായ ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തന്‍റെ പ്രദേശമായ രാജ്നന്ദ്ഗാവിൽ വോട്ടിങ് മെഷീനുകൾ മാറ്റിയതായി അദ്ദേഹം ആരോപിച്ചു. ഫോറം 17 സിയിൽ നൽകിയ വിവരമനുസരിച്ച് തന്‍റെ മണ്ഡലമായ രാജ്‌നാദ്‌ഗാവിൽ വോട്ട് ചെയ്ത ശേഷം നിരവധി മെഷീനുകളുടെ നമ്പറുകൾ മാറിയിട്ടുണ്ടെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. ഇത് ആയിരക്കണക്കിന് വോട്ടുകളെ ബാധിക്കുമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
പല ലോക്സഭ മണ്ഡലങ്ങളിൽ നിന്നും ഇത്തരം പരാതി ലഭിക്കുന്നുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഷീൻ നമ്പറുകളുടെ പട്ടികയും ബാഗേൽ പുറത്തുവിട്ടിട്ടുണ്ട്. വോട്ട് ചെയ്യുന്നതിന് മുമ്പ് മെഷീൻ നമ്പർ മറ്റൊന്നായിരുന്നു. വോട്ടെണ്ണുന്നതിന് മുമ്പ് അത് മറ്റൊന്നായി മാറി. ഏത് സാഹചര്യത്തിലാണ് യന്ത്രങ്ങൾ മാറ്റിയതെന്നതിനും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നതിന് ആരാണ് ഉത്തരവാദികളെന്നതിന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ബാഗേൽ പങ്കുവെച്ച പട്ടികയിൽ കവർധ, ഖൈർഗഡ്, രാജ്നന്ദ്ഗാവ്, ഡോങ്കർഗാവ് എന്നീ ബൂത്തുകളെ പരാമർശിച്ചിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം ഏപ്രിൽ 17-ന് ഈ ബൂത്തുകളിൽ നൽകിയ മെഷീനുകളുടെയും ഏപ്രിൽ 26-ന് സീൽ ചെയ്ത മെഷീനുകളുടെയും നമ്പറുകൾ പൊരുത്തപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക് പ്രകാരമാണ് യന്ത്രങ്ങളുടെ നമ്പരെന്നും പട്ടികയിൽ എഴുതിയിട്ടുണ്ട്. പട്ടിക പ്രകാരം മിക്ക ബൂത്തുകളിലും ബാലറ്റ് യൂനിറ്റിലും സെൻട്രൽ യൂനിറ്റിലും മാറ്റം വന്നപ്പോൾ ഒരു ബൂത്തിൽ വിവിപാറ്റിലും മാറ്റം വന്നിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.