പട്ന: രണ്ടാഴ്ച മുമ്പ് കാലുമാറി എൻ.ഡി.എയിലേക്കു ചാടിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടും. 243 അംഗ സഭയിൽ 122 പേരുടെ പിന്തുണയാണ് ആവശ്യം. എൻ.ഡി.എക്ക് 128 പേരുടെ പിന്തുണയുണ്ട്. ആർ.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന് 114 പേരുടെ പിന്തുണയാണുള്ളത്.
എൻ.ഡി.എ റാഞ്ചുമെന്ന് പേടിച്ച് തെലങ്കാനയിലേക്കു മാറ്റിയ 19 കോൺഗ്രസ് എം.എൽ.എമാർ ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തി. ആർ.ജെ.ഡിയുടെയും ഇടതു പാർട്ടികളുടെയും എം.എൽ.എമാർക്കൊപ്പം തേജ്വസി യാദവ് ഉപമുഖ്യമന്ത്രിയായ സമയത്ത് അനുവദിച്ച ദേശ് രത്ന മാർഗിലെ സർക്കാർ വസതിയിൽ ഇവർ താമസിക്കും. ആർ.ജെ.ഡി എം.എൽ.എമാരെ തേജസ്വി യാദവ് ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഭക്ഷണത്തിനുശേഷം, തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് വരെ തേജസ്വിയുടെ വസതിയിൽ തുടരാൻ ആർ.ജെ.ഡി നിർദേശം നൽകുകയായിരുന്നു.
മന്ത്രിസഭയുടെ വിശ്വാസവോട്ടിനൊപ്പം സ്പീക്കറും ആർ.ജെ.ഡി നേതാവുമായ അവധ് ബിഹാറി ചൗധരിയെ പുറത്താക്കാനുള്ള അവിശ്വാസപ്രമേയവും നിയമസഭ ഇന്ന് പരിഗണിക്കും. ഗവർണറുടെ പ്രസംഗത്തിനുശേഷം സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയം ഭരണപക്ഷം കൊണ്ടുവരും. സ്പീക്കറെ നീക്കുന്നതിനെതിരെ സഭയിൽ ശക്തമായി പോരാടുമെന്ന് ആർ.ജെ.ഡി ദേശീയ വക്താവും രാജ്യസഭ എം.പിയുമായ മനോജ് ഝാ പറഞ്ഞു. അവിശ്വാസപ്രമേയത്തിനു മുമ്പ് രാജിവെക്കില്ലെന്ന് സ്പീക്കർ ചൗധരി പറഞ്ഞു. തുടക്കത്തിൽതന്നെ ചൗധരിയെ സഭ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എൻ.ഡി.എ സഖ്യം.
മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാല് എം.എൽ.എമാരും ഒരു സ്വതന്ത്രനും എൻ.ഡി.എയെ പിന്തുണക്കും. വിപ്പ് നൽകിയതായി മാഞ്ചി അറിയിച്ചു. കഴിഞ്ഞ ദിവസം ജെ.ഡി.യു നേതാവ് നടത്തിയ വിരുന്നിൽ അഞ്ച് പാർട്ടി എം.എൽ.എമാർ വിട്ടുനിന്നത് അഭ്യൂഹത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.