പട്ന: ബിഹാറിൽ ജെ.ഡി.യു എൻ.ഡി.എ പാളയം വിടുമെന്ന കാര്യം ഉറപ്പായി. പട്നയിൽ പാർട്ടി എം.പിമാരുടെയും എം.എൽ.എമാരും യോഗം ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ചിരുന്നു. എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷം നിതീഷ് കുമാർ ഗവർണറെ കാണാൻ തീരുമാനിക്കുകയും കൂടിക്കാഴ്ചക്ക് സമയം തേടുകയും ചെയ്തു.
ഇതോടെ നിതീഷ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ബി.ജെ.പി മന്ത്രിമാരെ പുറത്താക്കുന്ന കാര്യം അദ്ദേഹം ഉന്നയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ജെ.ഡി.യു യോഗം നടക്കുമ്പോൾ തന്നെ തേജസ്വി യാദവിന്‍റെ ആർ.ജെ.ഡിയും പട്നയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ നിതീഷ് കുമാറിന് ആർ.ജെ.ഡി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബി.ജെ.പിയുമായുള്ള നാലു വർഷമായി തുടരുന്ന സഖ്യം അവസാനിപ്പിക്കാനാണ് പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരുങ്ങുന്നത്. ബി.ജെ.പി ബന്ധം അവസാനിപ്പിക്കുമെങ്കിൽ ജനതാദൾ-യുവിനെ സ്വാഗതം ചെയ്യുമെന്ന് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടി പിളർത്തി തന്നെ ഒതുക്കാനും ബി.ജെ.പിയെ വളർത്താനുമാണ് കേന്ദ്രത്തിലെ ആ പാർട്ടിയുടെ നേതാക്കൾ ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് നിതീഷിനും ജെ.ഡി.യുവിനുമുള്ളത്. ജെ.ഡി.യു വീണ്ടും രാജ്യസഭ സീറ്റ് നൽകാതിരുന്ന മുൻകേന്ദ്രമന്ത്രി ആർ.പി.സി സിങ് പാർട്ടി വിട്ടതോടെയാണ് ബി.ജെ.പി-ജെ.ഡി.യു ബന്ധം കൂടുതൽ മോശമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.