പട്ന: ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയാകുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് വീണ്ടും പാലം തകർന്നു. രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് പത്താമത്തെ പാലമാണ് തകരുന്നത്. 24 മണിക്കൂറിനിടെ രണ്ട് പാലങ്ങൾ തകർന്ന സരണിലാണ് വ്യാഴാഴ്ച വീണ്ടും പാലം തകർന്നതെന്ന് ജില്ല മജിസ്ട്രേറ്റ് അമൻ സമീർ പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കില്ല. സരണിലെ നിരവധി ഗ്രാമങ്ങളെ അയൽജില്ലയായ സിവാനുമായി ബന്ധിപ്പിക്കുന്നതിന് ഗണ്ഡകി നദിക്ക് കുറുകെ 15 വർഷം മുമ്പ് നിർമിച്ചതാണ് പാലം. ജില്ല മജിസ്ട്രേറ്റും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പാലം തകർന്നതിെന്റ കാരണം അറിവായിട്ടില്ല. ബുധനാഴ്ച സരണിലെ ജന്ത ബസാറിലും ലഹ്ലാദ്പുരിലും പാലങ്ങൾ തകർന്നിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയായിരിക്കാം പാലങ്ങൾ തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലായി 10 പാലങ്ങളാണ് തകർന്നത്.
സംസ്ഥാനത്തെ പഴയ പാലങ്ങളുടെയും സർവേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. അതേസമയം, ബിഹാറിലെ അപകടാവസ്ഥയിലുള്ള പാലങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിയെത്തി. അഭിഭാഷകനായ ബ്രജേഷ് സിങ്ങാണ് ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.