പുതുതായി ​ചേരുന്ന വരിക്കാരെ പിടിച്ചു നിർത്താനാവാതെ ബി.എസ്.എൻ.എൽ; നവംബറിൽ നഷ്ടമായത് 8.7ലക്ഷം ഉപയോക്താക്കളെ

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലകോം സേവന ദാതാക്കളായ ബി.എസ്.എൻ.എല്ലിൽ നിന്ന് കഴിഞ്ഞ വർഷം നവംബറിൽ ഉപഭോക്താക്കളുടെ ഗണ്യമായ ചോർച്ചയുണ്ടായെന്ന് ‘ട്രായ്’ കണക്കുകൾ. ഏകദേശം 8.7 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ട​പ്പെട്ടത്. ഇവരിൽ ഭൂരിഭാഗം വരിക്കാരും അടുത്തിടെ ബി.എസ്.എൻ.എല്ലിലേക്ക് ചേ​ക്കേറിയവരാണ്.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ ജൂലൈയിൽ തങ്ങളുടെ മൊബൈൽ നിരക്ക് 25ശതമാനം വരെ ഉയർത്തിയിരുന്നു. ഇതോടെ രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളില്‍ പലരും താരിഫ് കുറവുള്ള ബി.എസ്.എന്‍.എല്ലിലേക്ക് കുടിയേറി. ഇത്തരത്തില്‍ ആഗസ്റ്റില്‍ 21 ലക്ഷം പേരും സെപ്റ്റംബറില്‍ 11 ലക്ഷം പേരും ഒക്ടോബറില്‍ ഏഴ് ലക്ഷം പേരും ബി.എസ്.എന്‍.എല്‍ വരിക്കാരായി. അടുത്തകാലത്തൊന്നും നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചെങ്കിലും താരിഫ് കുറഞ്ഞത് കൊണ്ട് മാത്രം ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല എന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ട്രായ് ഡേറ്റ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ജിയോക്ക് 2024 ഒക്ടോബറിൽ 3.76 ദശലക്ഷം വരിക്കാരെ നഷ്ട​പ്പെട്ടു. വോഡഫോൺ ഐഡിയക്ക് 1.97 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ബി.എസ്.എൻ.എൽ ഇതേ മാസം 0.5 ദശലക്ഷം ഉപഭോക്താക്കളെ ചേർത്തു. എയർടെല്ലും 2024 ഒക്ടോബറിൽ 1.9 ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. എന്നാൽ, നവംബറോടെ ബി.എസ്.എന്‍.എല്ലില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായി.

മറ്റ് ടെലകോം കമ്പനികള്‍ 5ജിയിലേക്ക് ചുവട് വെച്ചപ്പോള്‍ ബി.എസ്.എന്‍.എല്ലിന് 4ജിയിലേക്ക് പോലും മാറാന്‍ സാധിക്കാത്തത് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന് ടെലികോം രംഗത്തെ വിദഗ്ദരും ജീവനക്കാരും കമ്പനിക്ക് മുന്നറിപ്പ് നല്‍കിയിരുന്നു. ഇതിനൊരു പരിഹാരം എന്നോണം കേന്ദ്ര സര്‍ക്കാറിന് മുഖ്യ പങ്കാളിത്തമുള്ള വി.ഐയുടെ ടവറുകള്‍ ബി.എസ്.എന്‍.എല്ലുമായി പങ്കുവെക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

നെറ്റ്‌വര്‍ക്കിലെ വേഗതക്കുറവും ഫോണ്‍ കോളുകളിലെ ക്ലാരിറ്റിക്കുറവുമാണ് ബി.എസ്.എന്‍.എല്ലിലെ കൊഴിഞ്ഞ് പോക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്ന മ​റ്റൊരു കാരണം. ആഗസ്റ്റ് മുതല്‍ ബി.എസ്.എന്‍എല്ലിലേക്ക് പുതിയ വരിക്കാര്‍ എത്തുന്നത് കുറഞ്ഞതും കൊഴിഞ്ഞുപോക്ക് കൂടിയതും ശ്രദ്ധിക്കണമെന്ന് മാനേജ്‌മെന്റിന് നിര്‍ദേശം ലഭിച്ചിട്ടും ശ്രദ്ധ നല്‍കിയില്ല എന്ന ആക്ഷേപവുമുണ്ട്.

നിലവില്‍ വിപണി എയര്‍ടെല്ലിന് അനുകൂലമാണ്. ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്കാണ് എയര്‍ടെല്ലിനെ ജനപ്രീയമാക്കുന്നത്. കൂടാതെ ജിയോയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും എയര്‍ടെല്ലിന് ഗുണകരമായി. അതേസമയം, ബി.എസ്.എന്‍.എല്ലില്‍ നിന്ന് ജീവനക്കാര്‍ രണ്ടാം വി.ആര്‍.എസ് സ്വീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Tags:    
News Summary - BSNL loses 8.7 Lakhs users in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.