ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധപരിപാടിക്ക് വേദിയൊരുക്കുന്നത് യു.എ.പി.എ നിയമപ്രകാരം എങ്ങനെ കുറ്റമാകുമെന്ന് ഡൽഹി ഹൈകോടതി. ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന പേരിൽ യു.എ.പി.എ കേസിൽ അറസ്റ്റിലായി വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കവേയാണ് കോടതി ചോദ്യമുന്നയിച്ചത്.
പ്രതിഷേധത്തിന് സ്ഥലം ഒരുക്കുന്നത് യു.എ.പി.എ ചുമത്താൻ മതിയായ കുറ്റമാണോ? അതോ ആ പ്രതിഷേധ പരിപാടി സംഘർഷത്തിന് കാരണമായാലാണോ യുഎപിഎ ചുമത്തുക- ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ശൈലേന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി പൊലീസിനോട് ചോദിച്ചു. വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രതികൾ കലാപത്തിനും സംഘർഷത്തിനും ആഹ്വാനം ചെയ്‌തതിന്റെ രേഖകളുണ്ടെന്ന് ഡൽഹി പൊലീസ് വാദിച്ചു. അവ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ആളുകൾ റോഡുപരോധിക്കുന്നതിനും യുഎപിഎ ചുമത്തുമോ എന്ന് കോടതി ആരാഞ്ഞു. ‘പ്രകോപനവും ആക്രമണവും നടത്താനാണോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഗൂഢാലോചന നടത്തിയത് അതോ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനോ? പ്രതിഷേധങ്ങൾ നടത്താൻ മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കാനും അവർ ശ്രമിച്ചു എന്നതിന് പ്രത്യേക തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കണം’ -കോടതി സ്പെഷൽ പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും വിചാരണ കോടതി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതും വിചാരണയിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.