ഗുവാഹത്തി: ഗൂഗ്ൾ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് നാഗാലാൻഡിലെത്തിയ അസം പൊലീസുകാർക്ക് മർദനം. 16 അംഗ പൊലീസുകാർക്കാണ് മർദനമേൽക്കേണ്ടി വന്നത്. ക്രിമിനലുകളെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ പൊലീസുകാരെ മർദിച്ചത്.
റെയ്ഡിന്റെ ഭാഗമായി സിവിൽ ഡ്രസിൽ ആയുധങ്ങളുമായാണ് പൊലീസുകാർ എത്തിയത്. തുടർന്ന് മോക്കോചുങ് അതിർത്തി വഴി നാഗാലാൻഡിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഇവരെ പിടികൂടുകയും ഒരു രാത്രി മുഴുവൻ തടവിൽ വെക്കുകയുമായിരുന്നു. ഒടുവിൽ നാഗാലാൻഡ് പൊലീസ് എത്തിയാണ് അസം സേനയിലെ 16 പേരെ മോചിപ്പിച്ചത്.
ഗൂഗിൾ മാപ്പ് കാണിച്ച തേയിലതോട്ടത്തിൽ കയറിയതാണ് അസം പൊലീസിന് വിനയായത്. യഥാർഥത്തിൽ ഈ തേയിലത്തോട്ടം നാഗാലാൻഡിലാണ് സ്ഥിതി ചെയ്തിരുന്നത്. കൂട്ടത്തിൽ മൂന്ന് പേർക്ക് മാത്രമാണ് യൂനിഫോം ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം സിവിൽ വേഷത്തിലായിരുന്നു. ഇതും പ്രദേശവാസികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നാഗാലാൻഡ് പൊലീസ് അറിയിച്ചു.
നാട്ടുകാരുടെ പിടിയിലായതോടെ അസം പൊലീസ് വിവരം നാഗാലാൻഡ് സേനയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാഗാലാൻഡ് പൊലീസാണ് അസം സേനയിലെ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടർന്ന് അഞ്ച് പേരെ ഉടൻ തന്നെ വിട്ടയക്കുകയും ബാക്കിയുള്ളവരെ പിറ്റേന്ന് രാവിലെ മോചിപ്പിക്കുകയും ചെയ്തുവെന്ന് നാഗാലാൻഡ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.