ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ വെറുതെ വിട്ടതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയില്‍. കുറ്റവാളികളെ വിട്ടയക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാറിന് തീരുമാനം എടുക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷക ശോഭ ഗുപ്ത ബുധനാഴ്ച ഹരജിയെക്കുറിച്ച് സൂചിപ്പിച്ചു.
കുറ്റവാളികളെ വിട്ടയക്കാനുള്ള തീരുമാനത്തിന് ഗുജറാത്ത് സര്‍ക്കാറിന് അനുമതി നല്‍കിയ ജസ്റ്റിസ് അജയ് രസ്‌തോഗി ഉള്‍പ്പെട്ട ബെഞ്ച് ഈ ഹരജി പരിഗണിക്കുമോ എന്ന സംശയം അഭിഭാഷക ഉന്നയിച്ചു. ജസ്റ്റിസ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് രണ്ട് ഹരജികളും ഒരുമിച്ച് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തീരുമാനിക്കുമെന്നും വിഷയം പരിശോധിച്ച ശേഷം ഹരജി ലിസ്റ്റ് ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശിക്ഷ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞ മേയ് 13ന് ഗുജറാത്ത് സർക്കാറിനോട് നിർദേശിച്ചത്. പിന്നാലെ ഇവരുടെ 'നല്ല സ്വഭാവം' കണക്കിലെടുത്ത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 11 പേരെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. നടപടി വിവാദമായതോടെ കേന്ദ്രത്തിന്‍റെ അനുമതിയോടെയാണ് തീരുമാനമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു.
കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചിരുന്നു.
കുറ്റവാളികളെ വിട്ടയച്ചതിനെതിരെ സി.പി.എം നേതാവ് സുഭാഷിണി അലി, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ രേവതി ലോൽ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, മുൻ ഐ.പി.എസ് ഓഫിസർ മീരാൻ ഛദ്ദ അടക്കമുള്ളവർ നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.