ന്യൂഡൽഹി: പിടിച്ചുവെച്ചെന്ന് ഒരിക്കൽ ഗവർണർ അറിയിച്ചശേഷം നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമസഭ പാസാക്കുന്ന ബില്ലുകളുടെ കാര്യത്തിൽ ഭരണഘടന പ്രകാരമുള്ള മൂന്ന് വഴികളല്ലാതെ നാലാമതൊരു വഴി ഗവർണർക്കു മുന്നിലില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. ബില്ലുകൾക്ക് അനുമതി നൽകാതിരിക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തതിന് തമിഴ്നാട് ഗവർണറെ വീണ്ടും വിമർശിച്ച സുപ്രീംകോടതി, മുഖ്യമന്ത്രിയുമായി കൂടിയിരുന്ന് പ്രശ്നത്തിന് ഗവർണർ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാറിനുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയാണ് നിയമസഭ രണ്ടാമതും പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ച കാര്യം കോടതിയോട് പറഞ്ഞത്. താൻ ബില്ലുകൾ പിടിച്ചുവെക്കുകയാണെന്ന് ഒരിക്കൽ ഗവർണർ പറഞ്ഞതാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നീട് ആ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുന്ന ചോദ്യമുത്ഭവിക്കുന്നില്ല. അങ്ങനെ ചെയ്യാൻ അദ്ദേഹത്തിനാവില്ല. ഒരു ബിൽ ഗവർണർ പിടിച്ചുവെച്ചെന്ന് കരുതി അതോടെ ആ ബില്ലിനെ ‘കൊല്ലാനും’ ഗവർണർക്കാകില്ല. പിടിച്ചുവെച്ചു കഴിഞ്ഞാൽ പിന്നെ ഭരണഘടന പ്രകാരമുള്ള മൂന്നു വഴികളല്ലാതെ നാലാമതൊരു വഴി ഗവർണർക്കു മുന്നിലില്ല.
ഭരണഘടനയുടെ 200ാം അനുഛേദമനുസരിച്ച് മൂന്നു നടപടികൾ മാത്രമാണ് ഗവർണർക്ക് മുന്നിലുള്ളത്. ഒന്നുകിൽ അനുമതി നൽകുക, അല്ലെങ്കിൽ അനുമതിക്കായി പിടിച്ചുവെക്കുക, അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കുക. ഈ മൂന്നിലൊരു നടപടി ഒരിക്കൽ സ്വീകരിച്ചുകഴിഞ്ഞാൽ അതിന്മേൽ വീണ്ടുമൊരു നടപടി പറ്റില്ലെന്നും ബെഞ്ച് തുടർന്നു.
10 ബില്ലുകൾ താൻ അനുമതിക്കായി പിടിച്ചുവെക്കുകയാണെന്ന് നവംബർ 13ന് തമിഴ്നാട് ഗവർണർ പ്രഖ്യാപിച്ചതാണെന്ന് അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു. അതിനുശേഷം നവംബർ 18ന് തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് അതേ ബില്ലുകൾ വീണ്ടും പാസാക്കി. മൂന്നു വർഷമായി ബില്ലുകൾക്ക് അനുമതി നൽകാത്തതിന് നവംബർ 20ന് ഗവർണറെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. 28ന് ഗവർണർ ആ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചുവെന്നും ഇത് ഭരണഘടനക്കുള്ള അടിയാണെന്നും സിങ്വി വാദിച്ചു. അപ്പോഴാണ് ഒരിക്കൽ ഒരു നടപടി കൈക്കൊണ്ട ആ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്കാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
വീണ്ടും പാസാക്കാൻ ഗവർണർ ബിൽ നിയമസഭക്ക് തിരിച്ചയച്ചിട്ടില്ലെന്ന് എ.ജി ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം പഞ്ചാബ് ഗവർണറുടെ കേസിൽ സുപ്രീംകോടതി തീർപ്പാക്കിയതാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട് ആ പദവിയിലെത്തുന്ന രാഷ്ട്രപതി സർക്കാറിന്റെ നോമിനിയായി എത്തുന്ന ഗവർണറെ പോലെയല്ല. അതുകൊണ്ടാണ് രാഷ്ട്രപതിക്ക് വിശാലമായ അധികാരങ്ങൾ നൽകിയതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂടിയിരുന്ന് പരിഹരിക്കേണ്ട ഒരുപാട് പ്രശ്നങ്ങൾ ഇതിലുണ്ട്. അങ്ങനെ മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് ഗവർണർ പ്രശ്നം പരിഹരിക്കുകയാണെങ്കിൽ തങ്ങൾ അഭിനന്ദിക്കും. അതിനായി ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ് ഉചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.