റാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാൻ; അപകടം മൂടൽമഞ്ഞ് കാരണം തിരികെ മടങ്ങുമ്പോൾ

ഊട്ടി വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്‍ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു സംഘത്തിന്‍റെ യാത്ര.

Full View

മേജർ, ലഫ്റ്റനന്‍റ് കേണൽ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥർക്കാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് കോളജിൽ പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പൗരപ്രമുഖരും പ്രമുഖ രാഷ്ട്രീയക്കാരും കേഡറ്റുകളുമായി ആശയവിനിമനം നടത്താറുണ്ട്. ഇന്നത്തെ ആശയവിനിമയ പരിപാടിയിൽ ജനറൽ ബിപിൻ റാവത്താണ് പങ്കെടുക്കേണ്ടിയിരുന്നത്.

Full View

ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വ്യോമസേനയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററിലായിരുന്നു ബിപിൻ റാവത്ത് അടക്കമുള്ളവരുടെ യാത്ര.



12.10ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.


ഹെലികോപ്റ്റർ വലിയ ശബ്ദത്തോടെ മരങ്ങൾക്കിടയിലൂടെ നിലംപതിക്കുകയായിരുന്നുവെന്നും കത്തിയമർന്ന ഹെലികോപ്റ്ററിൽ നിന്ന് മൂന്നു പേർ താഴെവീഴുന്നത് കണ്ടതായും ദൃക്സാക്ഷികളായ പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.


ബിപിൻ റാവത്തിനെ കൂടാതെ പത്​നി മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലഫ്​റ്റനന്‍റ്​ കേണൽ ഹർജിന്ദർ സിങ്​, നായിക്​ ഗുരുസേവക്​ സിങ്​, നായിക്​ ജിതേന്ദ്ര കുമാർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ തുടങ്ങിയവരാണ്​ അപകടത്തിൽപ്പെട്ട ഹെലികോപ്​റ്ററിലുണ്ടായിരുന്നത്​.

സൈന്യത്തിന്‍റെ നേതൃത്വത്തിൽ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.