ന്യൂഡൽഹി: ഹരിയാനയിൽ മൂന്നാം ബി.ജെ.പി സർക്കാറിന്റെ നായക സ്ഥാനത്തേക്ക് എതിരാളികളില്ലാതെ നായബ് സിങ് സൈനി. തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ സൈനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് മുതിർന്ന നേതാക്കളടക്കം അഭിപ്രായമറിയിച്ചതായാണ് സൂചന. ഇതിനിടെ ബുധനാഴ്ച ഡൽഹിയിലെത്തിയ സൈനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഗവൺമെൻറിന്റെ സത്യപ്രതിജ്ഞ തീയതിയും വേദിയുമടക്കം വിഷയങ്ങൾ ചർച്ചയായതായി നേതാക്കൾ അറിയിച്ചു.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ 14 മന്ത്രിമാരുണ്ടായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സൈനി, മന്ത്രിമാരായ മഹിപാൽ ദാണ്ഡ, മൂൽ ചന്ദ് ശർമ എന്നിവർ മാത്രമാണ് ഇക്കുറി പാർട്ടി ടിക്കറ്റിൽ ജയിച്ചുകയറിയ പരിചിതമുഖങ്ങൾ. ഇതുകൊണ്ടുതന്നെ ഇതര മന്ത്രിസ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളെ നിർണയിക്കേണ്ടതുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പാർട്ടിക്ക് മുന്നിൽ പ്രതിസന്ധികളില്ലെന്ന് നേതാക്കൾ പ്രതികരിച്ചു. മന്ത്രിമാരുടെ പട്ടിക അന്തിമഘട്ടത്തിലാണ്. ആശയക്കുഴപ്പങ്ങളോ പരാതികളോ ഇല്ലാതെ മന്ത്രിസഭാ രൂപവത്കരണം നടക്കുമെന്നും നേതാക്കൾ പറഞ്ഞു.
തങ്ങൾ അധികാരത്തിൽ എത്തിയെന്ന രീതിയിലായിരുന്നു കോൺഗ്രസ് പ്രചാരണമെന്ന് കൂടിക്കാഴ്ചക്കുശേഷം സൈനി മാധ്യമങ്ങളോട് പറഞ്ഞു. സർവേ ഫലങ്ങൾ ഏകപക്ഷീയമായിരുന്നു. എന്നാൽ, ജനവിധിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും സൈനി പറഞ്ഞു. ശനിയാഴ്ച ധൂസര ദിനത്തിൽ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് വിവരം.
ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിൽനിന്നുള്ള സ്വതന്ത്രർ. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എയുമായ സാവിത്രി ജിൻഡാൽ, സ്വതന്ത്ര എം.എൽ.എമാരായ രാജേഷ് ജൂൻ, ദേവേന്ദർ കത്യാൻ എന്നിവർ ബി.ജെ.പിയെ പിന്തുണച്ചു. ബുധനാഴ്ച ഡൽഹിയിൽ എത്തിയ മൂന്നുപേരും ഹരിയാനയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബി.ജെ.പി എം.പി ബിപ്ലബ് കുമാർ ദേബ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബഹാദുർഗഡിൽനിന്ന് മത്സരിച്ച രാജേഷ് ജൂൻ 41,999 വോട്ടിന് ബി.ജെ.പിയുടെ ദിനേഷ് കൗശിക്കിനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രനായി മത്സരിച്ച ബി.ജെ.പി വിമതനായ ദേവേന്ദർ കത്യാൻ 35,209 വോട്ടിന് ഗണൗറിൽനിന്ന് കോൺഗ്രസിന്റെ കുൽദീപ് ശർമയെ പരാജയപ്പെടുത്തി. കുരുക്ഷേത്ര ബി.ജെ.പി എം.പി നവീൻ ജിൻഡാലിന്റെ അമ്മയായ സാവിത്രി ജിൻഡാൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെയാണ് ഹിസാറിൽ സ്വതന്ത്ര സ്ഥാനാർഥിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.