ന്യൂഡൽഹി: 2024ൽ അരവിന്ദ് കെജ്രിവാളായിരിക്കും പ്രധാനമന്ത്രിയെന്നും ബി.ജെ.പിക്ക് അദ്ദേഹത്തെ തടുക്കാൻ കഴിയില്ലെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ പുതിയ മദ്യനയം സംബന്ധിച്ച് കേന്ദ്ര സർക്കാറുമായുള്ള തർക്കം മുറുകുന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന.
'ഞങ്ങളുടെ എല്ലാ മന്ത്രിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്യാൻ ബി.ജെ.പിക്ക് കഴിയും, എന്നാൽ 2024 ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ. എത്രത്തോളം അരവിന്ദ് കെജ്രിവാളിനോടും എ.എ.പി പാർട്ടിയോടും ബി.ജെ.പി ഏറ്റുമുട്ടുന്നോ അത്രത്തോളം അവർ സ്വന്തം കുഴിമാടം കുഴിക്കുകയാണ്.' ഗോപാൽ റായ് പറഞ്ഞു. എ.എ.പി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോയാലും തങ്ങൾ രാജ്യത്തിനായി ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മനീഷ് സിസോദിയക്കെതിരെയുള്ള സി.ബി.ഐ റെയ്ഡിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് ശേഷം ആം ആദ്മി പാർട്ടി തങ്ങളുടെ മുന്നിൽ തലകുനിക്കുമെന്ന തെറ്റിദ്ധാരണയിലായിരുന്നു ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. നിസാരമായ കുറ്റങ്ങൾ ചുമത്തി ബി.ജെ.പി സിസോദിയയെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.