'ഞായറും പ്രവൃത്തിദിനമാക്കണം, എത്ര​നേരം നിങ്ങൾ ഭാര്യയെ നോക്കി നിൽക്കും' -എൽ ആൻഡ് ടി ചെയർമാന്റെ പ്രസ്താവനക്കെതിരെ വിമർശനം

ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി ലാർസൻ ആൻഡ് ടോബ്രോ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന അഭിപ്രായവുമുണ്ട് ഇദ്ദേഹത്തിന്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

''ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫിസിൽ വന്ന് ജോലി തുടങ്ങൂ...​''-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.

അടുത്തിടെ ചൈനീസ് സ്വദേശിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും ഇദ്ദേഹം എടുത്തുപറഞ്ഞു. ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്ന ചൈനക്കാർ ആഴ്ചയിൽ 50 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അമേരിക്കക്കാരെ മറികടക്കുമെന്നാണ് ആ വ്യക്തി പറഞ്ഞത്. അപ്പോൾ ലോകത്തിന്റെ നെറുകയിലെത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. റെഡ്ഡിറ്റിൽ ഇതിന്റെ വിഡിയോ ​പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായെത്തിയത്. ഇൻഫോസിസ് സഹസ്ഥാപകൻ

നാരായണ മൂർത്തിയോടാണ് പലരും ഇദ്ദേഹത്തെ വാക്കുകളെ ഉപമിച്ചത്. യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന നാരായണ മൂർത്തിയുടെ അഭിപ്രായം വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇന്ത്യയിലെ ജോലി സമയം വളരെ കുറവാണെന്നായിരുന്നു മൂർത്തിയുടെ വാദം. തന്റെ വാദത്തിൽ പിന്നീട് അദ്ദേഹം ഉറച്ചുനിന്നിരുന്നു. ജോലിയും ജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥയെ താൻ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ട് നമുക്ക് ചുറ്റിലുമുണ്ടാകുന്ന മാറ്റങ്ങളെ അഭിനന്ദിക്കേണ്ടത് അദ്ദേഹത്തെ പോലെ ജോലിചെയ്തിട്ടാണെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. തന്റെ കരിയറില്‍ ഭൂരിഭാഗവും ആറര ദിവസമായിരുന്നു തന്റെ വര്‍ക്ക് വീക്ക്. ഒരു ദിവസം 14 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. രാവിലെ ആറരയോടെ ഓഫിസിലെത്തിയിരുന്ന താന്‍ വൈകുന്നേരം എട്ടരയോടെയായിരുന്നു തിരിച്ച് പോയിരുന്നത്. അതില്‍ താൻ അഭിമാനിക്കുന്നുവെന്നും നാരായണ മൂർത്തി പറയുകയുണ്ടായി.

Tags:    
News Summary - L&T chairman says he wants employees to work on Sunday too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.