ന്യൂഡൽഹി: എൻ.ഡി.എയിലേക്ക് കൂടുതൽ ഘടകകക്ഷികളെ ക്ഷണിക്കുന്നതിന്റെ ഭാഗമായി ലോക് ജനശക്തി പാർട്ടി (രാംവിലാസ്) നേതാവ് ചിരാഗ് പാസ്വാന് ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ കത്തയച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മോദിസർക്കാറിനെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമ്പോഴാണ് ബി.ജെ.പിയുടെ പ്രതിരോധം. ഈ മാസം 18ന് നടക്കുന്ന എൻ.ഡി.എ യോഗം ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഭരണകക്ഷിയുടെ ശക്തിപ്രകടനമായി മാറുമെന്നാണ് കരുതുന്നത്. ബിഹാറിൽ നിർണായക സ്വാധീനമുള്ള ചിരാഗ് പാസ്വാൻ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.
കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് വെള്ളിയാഴ്ച ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. എൻ.ഡി.എയെ പിന്തുണക്കുന്ന പ്രാദേശിക പാർട്ടികളിൽ പ്രമുഖരാണെന്നും മോദിസർക്കാറിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളിയാണെന്നുമാണ് ലോക് ജനശക്തിയെ ജെ.പി. നഡ്ഡ കത്തിൽ വിശേഷിപ്പിച്ചത്. നേരത്തേ എൻ.ഡി.എ ഘടകകക്ഷിയായിരുന്ന പാർട്ടി 2020ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മുന്നണി വിട്ടത്.
ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ചയെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ പങ്കെടുക്കും.
മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇടഞ്ഞ സുമൻ മന്ത്രിസഭയിൽനിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. ശിവസേന ഷിൻഡെ വിഭാഗം, എൻ.സി.പി അജിത് പവാർ വിഭാഗം, ബിഹാറിലെയും ഉത്തർപ്രദേശിലെയും ചെറുപാർട്ടികൾ എന്നിവരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.