മിസോറമിൽ കൊട്ടിക്കലാശത്തിന് വിഡിയോയിലൂടെ മോദിയുടെ പ്രചാരണം

ഐസോൾ: മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊട്ടിക്കലാശത്തിന് വിഡിയോ സന്ദേശത്തിലൂടെ വോട്ടർമാരുടെ പിന്തുണ തേടി. ചൊവ്വാഴ്ച ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.

‘വിസ്മയകരമായ മിസോറമിന്’ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മിസോറമിലെ ജനത തനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 30ന് സംസ്ഥാനത്ത് മോദിയുടെ തെരഞ്ഞെടുപ്പ് റാലി നിശ്ചയിച്ചിരുന്നു. പിന്നീട് കാരണം വ്യക്തമാക്കാതെ സന്ദർശനം റദ്ദാക്കുകയായിരുന്നു. എന്നാൽ, മോദിയുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രി സോറംതംഗയുടെ നിലപാടാണ് പ്രധാനമന്ത്രിയെ സന്ദർശനത്തിൽനിന്ന് പിന്തിരിപ്പിച്ചത്. മണിപ്പൂർ സംഘർഷത്തിൽ നിരവധി ചർച്ചുകൾ തീവെച്ച് നശിപ്പിച്ചതിൽ സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ക്രൈസ്തവർ കടുത്ത അമർഷം പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പിന്മാറിയത്.

ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) കേന്ദ്രത്തിൽ എൻ.ഡി.എ ഘടകകക്ഷിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് ബി.ജെ.പിയുമായി സഹകരിക്കുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് എം.എൻ.എഫിന്റെ നിലപാടുമാറ്റം. ബി.ജെ.പിക്ക് മിസോറമിൽ വലിയ സ്വാധീനമില്ല. 40 അംഗ നിയമസഭയിൽ നിലവിൽ പാർട്ടിക്ക് ഒരു സീറ്റാണുള്ളത്. ഇത്തവണ 23 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.

Tags:    
News Summary - BJP committed to create marvellous Mizoram, says PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.