ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ

ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400ൽ അധികം സീറ്റുകൾ നേടുമെന്ന വീരവാദത്തിനിടയിൽ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തി പാർട്ടിയുടെ ആഭ്യന്തര സർവേ. ഇക്കുറി പാർട്ടി ഒറ്റക്ക് 370​ലേറെ സീറ്റുകൾ നേടുമെന്ന അവകാശവാദം കൊഴുപ്പിക്കുന്നതിനിടയിലാണ് ആഭ്യന്തര സർവേ തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ തവണ മുഴുവൻ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.

ഹരിയാനയിലെ പത്തു സീറ്റുകളിൽ അഞ്ചിലും പാർട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റോത്തക്, സോനേപട്, സിർസ, ഹിസാർ, കർണാൽ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിയർക്കുന്നത്. 25 സീറ്റുകളുള്ള രാജസ്ഥാനിൽ ബാർമർ, ചുരു, നഗൗർ, ദോസ, ടോങ്ക്, കരൗലി തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കോൺഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.

ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥാനാർഥി നിർണയം പാളിയെന്ന് ബി.ജെ.പി സർവേയിൽ സൂചനകളുണ്ട്. ജാട്ടുകൾ ഉൾപ്പെടെ പല സമുദായങ്ങളിലും ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയത്തോടുള്ള നീരസം എതിരാളികൾ മുതലെടുത്താൽ പാർട്ടിക്ക് തിരിച്ചടിയേൽക്കും. ഇത്തവണ തെരഞ്ഞെടുപ്പിൽ തങ്ങൾ തുറുപ്പുചീട്ടായി ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി ​നരേന്ദ്ര മോദിയെ ഹരിയാനയിലും രാജസ്ഥാനിലും വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിൽ ​പ്രചാരണത്തിനെത്തിക്കുകയെന്നതും ബി.ജെ.പി അജണ്ടയിലുണ്ട്.

ഹരിയാനയിൽ പത്തുവർഷത്തെ ഭരണവിരുദ്ധ വികാരത്തിനൊപ്പം ജാട്ട് സമുദായത്തിന്റെ എതിർപ്പും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് പഞ്ചാബ് യൂനിവേഴ്സിറ്റി അധ്യാപകനായ പ്രഫ. അശുതോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ഹരിയാനയിൽ ശക്തമായ സാന്നിധ്യമറിയിക്കുന്ന ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് സമ്പൂർണ മേധാവിത്വം കാട്ടാൻ ഇക്കുറി കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. 

Tags:    
News Summary - BJP could face a challenge in Haryana, Rajasthan: Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.