ചണ്ഡിഗഡ്: ഹരിയാനയിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും കോൺഗ്രസിന് അനുകൂല തരംഗമാണെന്നുമുള്ള എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിയാണ് ബി.ജെ.പി തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിച്ചത്. എന്നാൽ നായബ് സിങ് സൈനി മന്ത്രിസഭയിലെ എട്ടംഗങ്ങളും കൂടാതെ നിയമസഭാ സ്പീക്കറും ജനവിധിയിൽ പരാജയം രുചിച്ചു. വീണ്ടും അധികാരം പിടിക്കാനായെങ്കിലും പ്രമുഖ നേതാക്കളുടെ തോൽവി സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. പത്തു വർഷമായുള്ള പാർട്ടിയുടെ സ്വാധീനം കുറഞ്ഞുവരുന്നുവെന്നും ബി.ജെ.പി സർക്കാറിന്‍റെ നയങ്ങളിൽനിന്ന് ജനം അകലുന്നു എന്നതിനും വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവെക്കുന്നത്.
മുൻ എം.പിയും 2019 മുതൽ സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മന്ത്രിയുമായ രഞ്ജിത് സിങ്, റാണിയ സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ നാഷനൽ ലോക്ദളിന്‍റെ അർജുൻ ചൗതാലയാണ് ഇവിടെ ജയിച്ചത്. 2014 മുതൽ 19 വരെ സ്പീക്കറും ഈ മന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയുമായ കൻവർപാൽ ഗുജ്ജർ, ജഗധ്രി മണ്ഡലത്തിൽ തോൽവി രുചിച്ചു. കോൺഗ്രസിന്‍റെ അക്രം ഖാൻ ഏഴായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കൻവർപാലിനെ തറപറ്റിച്ചത്.
സുഭാഷ് സുധ (താനേശ്വർ മണ്ഡലം), ജയപ്രകാശ് ദലാൽ (ലോഹരു), അഭേസിങ് യാദവ് (നംഗൽ), സഞ്ജയ് സിങ് (നൂഹ്), കമൽ ഗുപ്ത (ഹിസാർ), അസീം ഗോയൽ (അംബാല സിറ്റി) എന്നിവരാണ് തോൽവി ഏറ്റുവാങ്ങിയ മറ്റു മന്ത്രിമാർ. ഇതിൽ സഞ്ജയ് സിങ്ങും കമാൽ ഗുപ്തയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014ലും 19ലും പഞ്ച്കുലയിൽനിന്ന് ജയിച്ച സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത ഇത്തവണ കോൺഗ്രസിന്‍റെ ചന്ദ്രമോഹനു മുന്നിൽ വീണു. മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ മകനാണ് ചന്ദ്രമോഹൻ.
തെരഞ്ഞെടുപ്പിൽ 90ൽ 48 സീറ്റുകളിൽ ജയം പിടിച്ചാണ് ഹരിയാനയിൽ വീണ്ടും ബി.ജെ.പി അധികാരം പിടിച്ചത്. തുടക്കത്തിൽ ട്രെൻഡ് കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ ബി.ജെ.പി മുന്നേറുകയായിരുന്നു. 37 സീറ്റുകളിലാണ് കോൺഗ്രസ് വിജയം പിടിച്ചത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി കൃത്രിമത്വം കാണിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.