മണിപ്പൂർ കത്തിക്കാൻ ബി.ജെ.പി മനഃപൂർവം ആഗ്രഹിക്കുന്നു -ഖാർഗെ

ന്യൂഡൽഹി: മണിപ്പൂരിൽ പുതിയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിർത്തി സംസ്ഥാനം കത്തിക്കാൻ ഭരണകക്ഷി മനഃപൂർവം ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വയം രക്ഷപ്പെടാൻ വിട്ടുവെന്നും അവരുടെ ദുരിതങ്ങൾ പരിഹരിക്കാൻ ഒരിക്കലും ആ സംസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും അത് അവിടുത്തെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യില്ലെന്നും ഖാർഗെ പറഞ്ഞു.  അതിനിടെ, മണിപ്പൂരിലെ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി.

‘നരേന്ദ്രമോദി ജി, നിങ്ങളുടെ ഇരട്ട എൻജിൻ സർക്കാറുകൾക്ക് കീഴിൽ മണിപ്പൂരും സുരക്ഷിതമല്ല’- കോൺഗ്രസ് അധ്യക്ഷൻ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. 2023 മെയ് മുതൽ അത് സങ്കൽപ്പിക്കാനാവാത്ത വേദനക്കും വിഭജനത്തിനും ചുട്ടുപൊള്ളുന്ന അക്രമത്തിനും വിധേയമാകുന്നു. അവിടുത്തെ ജനങ്ങളുടെ ഭാവി നശിപ്പിച്ചു. മണിപ്പൂർ കത്തിയെരിയാൻ ബി.ജെ.പി മനഃപൂർവം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. ഞങ്ങളിത് വളരെ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. കാരണം അത് അവരുടെ വിദ്വേഷകരമായ വിഭജന രാഷ്ട്രീയത്തെ സേവിക്കുന്നു. നവംബർ 7 നു ശേഷം കുറഞ്ഞത് 17 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടു. സംഘർഷബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്ക് പുതിയ ജില്ലകൾ ചേർക്കപ്പെടുകയാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയിലേക്ക് തീ പടരുകയാണെന്നും’ ഖാർഗെ പറഞ്ഞു.

മനോഹരമായ അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ നിങ്ങൾ പരാജയപ്പെട്ടു. ഭാവിയിൽ നിങ്ങൾ മണിപ്പൂർ സന്ദർശിച്ചാലും സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കുകയോ മറക്കുകയോ ചെയ്യില്ല - കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

മണിപ്പൂരിൽ അടുത്തിടെ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലുകളും അഗാധമായ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. പ്രധാനമന്ത്രി മോദി സംസ്ഥാനം സന്ദർശിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags:    
News Summary - 'BJP deliberately wants Manipur to burn': Kharge as Rahul urges Modi to restore peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.