ധൂലെ (മഹാരാഷ്ട്ര): വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ധൂലെയിൽ കൊമ്പുകോർക്കുന്നത് ഡോക്ടർമാർ. അർബുദരോഗ ചികിത്സ വിദഗ്ധനാണ് ബി.ജെ.പിയുടെ സിറ്റിങ് എം.പി ഡോ. സുഭാഷ് ഭംരേ. നാസിക്കിലെ പ്രശസ്തയായ ഡോക്ടർ ശോഭ ബച്ചാവിനേയാണ് കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളുമായാണ് മുൻ പ്രതിരോധ സഹമന്ത്രികൂടിയായ സുഭാഷ് ഭംരേ തന്റെ ഹാട്രിക് വിജയത്തിന് വോട്ട് തേടുന്നത്. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധികൾ അടക്കമുള്ള ഭരണവിരുദ്ധ വികാരത്തിലാണ് മുൻ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയായ ശോഭ ബച്ചാവിന്റെ നോട്ടം. സവാള കൃഷി മേഖലയിൽ പെട്ടതാണ് ധൂലെ.
കേന്ദ്രസർക്കാറിന്റെ സവാള കയറ്റുമതി നയത്തിലെ കർഷകരോഷം തനിക്ക് അനുകൂലമാകുമെന്ന് ശോഭ ബച്ചാവ് കരുതുന്നു. എന്നാൽ, ശോഭാ ബച്ചാവിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടെ കോൺഗ്രസ് മഹാരാഷ്ട്ര ജനറൽ സെക്രട്ടറി ഡോ. തുഷാർ ശെവാലെയും ജില്ലാ നേതാവ് ശ്യാം സനെറും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, ധൂലെയിൽ ഉവൈസിമാരുടെ മജ്ലിസ് പാർട്ടിയുടെ പിന്തുണ കോൺഗ്രസിനാണ്. ധൂലെ ലോക്സഭ മണ്ഡലത്തിന് കീഴിലെ ആറ് നിയമസഭ സീറ്റുകളിൽ രണ്ടെണ്ണം നിലവിൽ മജ്ലിസിന്റെ കൈവശമാണ്.
ധൂലെ സിറ്റിയും മാലേഗാവ് സെൻട്രലുമാണവ. 3.80 ലക്ഷത്തോളം മുസ്ലിം വോട്ടുകളുണ്ട് ധൂലെ മണ്ഡലത്തിൽ. മജ്ലിസിന്റെ പിന്തുണ ശോഭാ ബച്ചാവിന് ആശ്വാസകരമാണെങ്കിലും മത്സരത്തിലെ പ്രകാശ് അംബേദ്കറുടെ വി.ബി.എയുടെ സാന്നിധ്യം പ്രതികൂലമാണ്. അബ്ദുൽ റഹ്മാനാണ് വി.ബി.എ സ്ഥാനാർഥി.
കോൺഗ്രസ് കുടുംബത്തിൽനിന്ന് കൂറുമാറിയതാണ് ഡോ. സുഭാഷ് ഭംരേ. അദ്ദേഹത്തിന്റെ മാതാവ് ഗോജർബായ് രാംറാവു ഭംരേ കോൺഗ്രസ് എം.എൽ.എ ആയിരുന്നു. ധൂലെ ലോക്സഭ മണ്ഡലവും കോൺഗ്രസ് തട്ടകമായിരുന്നു. 2009 ൽ മണ്ഡല പുനഃക്രമീകരണം നടന്നതുമുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു.
മണ്ഡല ചരിത്രത്തിൽ 10 തവണ കോൺഗ്രസ് വാണു. അഞ്ചുതവണ ബി.ജെ.പിയും. മുൻ മേയർ കൂടിയായ ശോഭ ബച്ചാവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 20നാണ് ഇവിടെ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.