ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബി.ജെ.പി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വന്തം ജാതിയെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തിയെന്ന എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനക്കെതിരെയും ബി.ജെ.പി പ്രതിനിധി സംഘം പരാതി നൽകി.
ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാളിന്റെ നേതൃത്വത്തിലാണ് കമീഷനെ സമീപിച്ചത്. ഇത്തരം ആരോപണങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ബി.ജെ.പി ആരോപണം. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഒരു ദുശ്ശകുനം കളികാണാനെത്തിയതോടെ ഇന്ത്യ തോറ്റെന്ന രാഹുലിന്റെ പ്രസംഗം മോദിക്കെതിരെയാണെന്നാണ് ബി.ജെ.പി വാദം. മോദിയും അമിത് ഷായും അദാനിയും പോക്കറ്റടിക്കാരാണെന്ന് ഇന്നലെ പ്രസംഗിച്ചതും ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
അതേസമയം, ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്താണ് രാഹുലിന് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സത്യസന്ധതയില്ലായ്മക്കും പൊതുമുതൽ കൊള്ളയടിക്കുന്നതിനുമെതിരെ നാഷനൽ ഹെറാൾഡ് കേസിൽ ഇ.ഡി എടുത്ത നടപടിയെ ജനാധിപത്യത്തിന്റെ നിഷേധമായി എങ്ങനെ വിശേഷിപ്പിക്കാമെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.