ബി.ജെ.പിക്ക് നേതാക്കളെ വിലക്കെടുക്കാൻ പണമുണ്ട്; കർഷകരുടെ കടം എഴുതിത്തള്ളാൻ പണമില്ല -ജാർഖണ്ഡ് മുഖ്യമന്ത്രി

ജംഷഡ്പൂർ: ബി.ജെ.പിക്ക് നേതാക്കളെ വിലക്കെടുക്കാൻ പണമുണ്ടെന്നും എന്നാൽ കർഷകരുടെ കടം എഴുതിത്തള്ളാൻ പണമില്ലെന്നും രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബൊക്കാറോ ജില്ലയിൽ ‘മയാൻ സമ്മാൻ യോജന’യുടെ വനിതാ ഗുണഭോക്താക്കൾക്കുള്ള ധനസഹായത്തി​ന്‍റെ രണ്ടാം ഗഡു പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് കേന്ദ്രത്തിനെതിരെ സോറ​ന്‍റെ ആക്രമണം.

‘അവർ വിപണിയിൽനിന്ന് പച്ചക്കറി വാങ്ങുംപോലെ പോലെ നേതാക്കന്മാരെ വാങ്ങുകയും അത്തരം കാര്യങ്ങൾക്ക് പണം ചെലവാക്കുകയും ചെയ്യുന്നു. എന്നാൽ, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാനും പാവപ്പെട്ടവർക്ക് പെൻഷൻ നൽകാനും പെൺകുട്ടികൾക്ക് ഗ്രാന്‍റ് നൽകാനും വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളാനും പണമില്ല’- സോറൻ പറഞ്ഞു. ബി.ജെ.പി തങ്ങളുടെ വലിയ നേതാക്കളെയെല്ലാം വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായി ആരോപിച്ച സോറൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കാവി പാർട്ടി നാണംകെട്ട പരാജയം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പി മെഷിനറികൾ മുഴുവൻ ജാർഖണ്ഡിൽ സജീവമാവും. അവരുടെ വലിയ നേതാക്കൾ ഒന്നിനു പിന്നാലെ ഒന്നായി സംസ്ഥാനത്ത് വന്നിറങ്ങും. ഹിന്ദു -മുസ്‍ലിം, ആദിവാസി-ക്രിസ്ത്യൻ വിഭജനത്തിനുള്ള വർഗീയ ആഖ്യാനം പ്രചരിപ്പിക്കും. അവരങ്ങനെ പരമാവധി ശ്രമിക്കട്ടെ. ജനങ്ങളുടെ സഹായത്താൽ തങ്ങളുടെ സഖ്യസർക്കാർ (ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് ദയനീയ പരാജയം അവർക്ക് സമ്മാനിക്കുമെന്നും ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡിൽ നടത്താനിരിക്കുന്ന സന്ദർശനത്തെ പരിഹസിച്ച് സോറൻ പറഞ്ഞു.

മേദിയുടെ സന്ദർശനത്തിൽ ഝാർഖണ്ഡിലെ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് സർക്കാർ തുക വിതരണം ചെയ്യുകയും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമർപ്പിക്കുകയും സെപ്റ്റംബർ 15 ന് ടാറ്റാനഗർ സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. പിന്നീട് സ്റ്റേഷൻ പരിസരത്തെ സമ്മേളനത്തിൽ സംസാരിക്കും. ജംഷഡ്പൂരിൽ 1.5 കിലോമീറ്റർ റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്.

സെപ്റ്റംബർ 21ന് സന്താൾ പർഗാനയിലെ സാഹിബ്ഗഞ്ച് സന്ദർശിക്കാനും ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ആരംഭിക്കാനും ഷാ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഷായെ അനുഗമിക്കും. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം, നുഴഞ്ഞുകയറ്റം മൂലം സന്താൾ പർഗാന മേഖലയിൽ ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവയിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ജാർഖണ്ഡിൽ താമസിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച ജാർഖണ്ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് സുജിത് നാരായൺ പ്രസാദി​ന്‍റെയും ജസ്റ്റിസ് അരുൺ കുമാർ റായിയുടെയും ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബംഗ്ലാദേശികൾ സാഹിബ്ഗഞ്ച്, പാകൂർ ജില്ലകൾ വഴി ജാർഖണ്ഡിലേക്ക് അനധികൃതമായി പ്രവേശിച്ചതായി കേന്ദ്രം പറഞ്ഞു.

സന്താൾ പർഗാനാസിലെ ഗോത്രവർഗക്കാരുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് സോമ ഒറോൺ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയും ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റം സംബന്ധിച്ച് ഡാനിയൽ ഡാനിഷ് സമർപ്പിച്ച മറ്റൊരു പൊതുതാൽപര്യ ഹർജിയും പരിഗണിക്കുകയായിരുന്നു കോടതി. കേസി​ന്‍റെ അടുത്ത വാദം സെപ്റ്റംബർ 17ന് നടക്കും.

Tags:    
News Summary - BJP has money to buy leaders; No money to write off farmers' debt - Jharkhand CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.