മുംബൈ: നരേന്ദ്ര മോദി, അമിത് ഷാ ടീമിലെ വിശ്വസ്തനും ആസൂത്രകനുമായ പിയൂഷ് ഗോയലിന് ലോക്സഭ തെരഞ്ഞെടുപ്പിൽ സുരക്ഷിത സീറ്റൊരുക്കി ബി.ജെ.പി. സിറ്റിങ് എം.പി ഗോപാൽ ഷെട്ടിയെ മാറ്റി മുംബൈ നോർത്ത് മണ്ഡലത്തിലാണ് ഗോയലിനെ മത്സരിപ്പിക്കുന്നത്.
മുംബൈക്കാരനായ ഗോയൽ 2010 മുതൽ രാജ്യസഭാംഗമാണ്. മോദിഭരണത്തിൽ വിവിധ വകുപ്പുകളുടെ ചുമതലയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പാണിത്.
വാജ്പേയി സർക്കാറിൽ ഷിപ്പിങ് മന്ത്രിയായിരുന്ന പിതാവ് വേദ്പ്രകാശ് ഗോയലും രാജ്യസഭയിലൂടെയാണ് സഭയിലെത്തിയത്. മാതാവ് ചന്ദ്രകാന്ത ഗോയൽ 1990 മുതൽ 99 വരെ തുടർച്ചയായി മൂന്നുതവണ മുംബൈയിലെ മാട്ടുൻഗയിൽനിന്ന് എം.എൽ.എയായിരുന്നു. 2014ലും 2019ലും 4.5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗോപാൽ ഷെട്ടി മുംബൈ നോർത്തിൽ ജയിച്ചത്.
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ബോളിവുഡ് നടി ഊർമിള മടോന്ദ്കറായിരുന്നു കഴിഞ്ഞതവണ എതിരാളി. മുമ്പ് കോൺഗ്രസിന്റെ വി.കെ. കൃഷ്ണമേനോനും ജനതാ പാട്ടിയുടെ മൃണാൾ ഗോറെയും പ്രതിനിധാനംചെയ്ത മണ്ഡലം ഇന്ന് പൂർണമായും ബി.ജെ.പിയുടെ കൈയിലാണ്.
2004ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ഗോവിന്ദയും ഇവിടെ ജയിച്ചിട്ടുണ്ട്. നിലവിൽ മണ്ഡലത്തിനു കീഴിലെ ആറ് നിയമസഭ സീറ്റുകളിൽ നാലും ബി.ജെ.പിക്കാണ്. ഒന്നിൽ ശിവസേനയും ശേഷിച്ചതിൽ കോൺഗ്രസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.