ന്യൂഡൽഹി: ഒന്നിച്ചു നീങ്ങുമ്പോൾ തന്നെ ജനതാദൾ-യുവിന്റെ ചിറകരിയാൻ ശ്രമിച്ച ബി.ജെ.പിയെ ബിഹാറിൽ വീണ്ടുമൊരിക്കൽക്കൂടി മണ്ണുതീറ്റിച്ച് നിതീഷ് കുമാർ. മോദി-അമിത് ഷാമാരുടെ രീതികൾക്കെതിരായ പ്രതിഷേധക്കനൽ ഉള്ളിലടക്കി സൗമ്യനായി തിരിച്ചടിച്ച നിതീഷിന് മുന്നിൽ ബി.ജെ.പിയുടെ പതിവു തന്ത്രങ്ങൾ ഏശിയില്ല. ഒപ്പമുള്ള എം.പി-എം.എൽ.എമാരിൽ ഒരാളെപ്പോലും നഷ്ടപ്പെടാതെ മുന്നണിമാറ്റവും ഭരണത്തുടർച്ചയും മുഖ്യമന്ത്രിക്കസേരയും ഒരുപോലെ നിതീഷ് ഉറപ്പാക്കി.
എട്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് നിതീഷ് കുമാർ ബി.ജെ.പി ബന്ധം അറുത്തു മുറിക്കുന്നത്. ജനതാദൾ-യുവും ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട മഹാസഖ്യത്തിന് വഴിയൊരുക്കിയതും രണ്ടാം തവണ. ബിഹാറിലെ രാഷ്ട്രീയ ഭൂമികയിൽ തരംപോലെ ചാടിക്കളിച്ചെങ്കിലും, അപ്പോഴെല്ലാം മുഖ്യമന്ത്രിക്കസേര ഉറപ്പാക്കിയത് ഈ സോഷ്യലിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ വിരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കാത്ത രാഷ്ട്രീയ ശത്രുതയുടെ ഒരു കാലം നിതീഷ് കുമാറിന് ഉണ്ടായിരുന്നു. എന്നാൽ അതൊരു പഴങ്കഥയാക്കിയാണ് മഹാസഖ്യം വലിച്ചെറിഞ്ഞ് നിതീഷ് ബി.ജെ.പിയുമായി വീണ്ടും സഖ്യം സ്ഥാപിച്ചത്. ഇതോടെ ബിഹാർ കാവിയിൽ മുങ്ങി.
ലാലു പ്രസാദും നിതീഷും മാറിമാറി ശക്തി പരീക്ഷിച്ചു പോന്ന സംസ്ഥാനത്ത് ബി.ജെ.പി-ജെ.ഡി.യു സഖ്യം അജയ്യത നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും രാഷ്ട്രീയാസ്തമയം ആർ.ജെ.ഡിക്ക് പേക്കിനാവായി.
എന്നാൽ ബിഹാർ ഒറ്റക്ക് കീഴടക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ വൈകാതെ തന്നെ നിതീഷിന് ബോധ്യമായിത്തുടങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു പിന്തുണയോടെ ബിഹാറിൽ മുന്നേറ്റം നടത്തിയ ബി.ജെ.പി, അവർക്ക് അർഹമായ പ്രാതിനിധ്യം കേന്ദ്രമന്ത്രിസഭയിൽ അനുവദിച്ചു കൊടുക്കാൻ തയാറായില്ല. അർഹതപ്പെട്ട കസേരകൾ കിട്ടാത്തതിനാൽ ജെ.ഡി.യുവിന്റെ ആരും കേന്ദ്രമന്ത്രിസഭയിൽ വേണ്ടെന്ന് നിതീഷ് നിശ്ചയിച്ചു. മോദിയുമായി വേദി പങ്കിട്ടും ബി.ജെ.പിയുമായി പൊരുത്തപ്പെട്ടും മുന്നോട്ടു പോയതിനിടയിലാണ് 2020ലെ നിയമസഭ തെരഞ്ഞെടുപ്പ്. സഖ്യകക്ഷിയായിട്ടും ജെ.ഡി.യുവിനെതിരെ എല്ലായിടത്തും സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ച ചിരാഗ് പാസ്വാനും ലോക്ജൻശക്തി പാർട്ടിക്കും പിന്നിൽ മോദി-അമിത്ഷാമാരുടെ കളിയുണ്ടെന്ന് നിതീഷ് സംശയിച്ചു. എന്നാൽ തെരഞ്ഞെടുപ്പു സമയത്ത് അതിന്റെ പേരിൽ എല്ലാം കളഞ്ഞു കുളിക്കുന്നത് ബുദ്ധിയല്ലെന്ന് നിതീഷ് കണ്ടു.
ഫലം പുറത്തു വന്നപ്പോൾ ബിഹാറിന്റെ മണ്ണിൽ ബി.ജെ.പിയുടെ ആശ്രിതനായി നിതീഷ് മാറുന്നതായിരുന്നു കാഴ്ച. സഖ്യത്തിൽ കൂടുതൽ സീറ്റ് ബി.ജെ.പിക്ക്. എങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ബി.ജെ.പിയുടെ ഔദാര്യമാണ് നിതീഷ് സ്വീകരിച്ചത്. നല്ല ബന്ധം സൂക്ഷിച്ചുപോന്ന സുശീൽകുമാർ മോദിയെ മാറ്റി തർകിഷോർ പ്രസാദിനെ ഉപമുഖ്യമന്ത്രിയാക്കി.
രാജ്യസഭയിലേക്ക് വിട്ട മുൻ ദേശീയ പ്രസിഡന്റ് ആർ.സി.പി സിങ്ങിനെ അദ്ദേഹത്തിന്റെ നിർബന്ധത്തിനും ബി.ജെ.പിയുടെ സമ്മർദത്തിനുമിടയിൽ കേന്ദ്രമന്ത്രിയാക്കിയ നിതീഷിന്, സിങ് ബി.ജെ.പിയുടെ ചട്ടുകമായി മാറുന്നതാണ് പിന്നെ കാണേണ്ടി വന്നത്. പാർട്ടി വിവരങ്ങൾ ബി.ജെ.പിക്ക് കൈമാറിക്കൊടുക്കുന്നുവെന്ന സംശയം ശക്തമായതോടെ, സിങ്ങിന്റെ രാജ്യസഭ കാലാവധി പുതുക്കിക്കൊടുക്കാൻ നിതീഷ് തയാറായില്ല. അതോടെ എം.പി സ്ഥാനവും മന്ത്രിപദവും ഒരുപോലെ നഷ്ടപ്പെട്ട സിങ് ഇന്ന് ബി.ജെ.പി പാളയത്തിലാണ്.
ജെ.ഡി.യുവിനെ ദുർബലമാക്കാൻ മോദി-അമിത് ഷാമാർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ നിതീഷ് അവരുമായി അകന്നു. രാഷ്ട്രപതി സ്ഥാനാർഥിയെ നിതീഷ് പിന്തുണച്ചെങ്കിലും, ആ പിന്തുണ കേന്ദ്രമന്ത്രിമാരെ നിയോഗിച്ചാണ് ബി.ജെ.പി ഉറപ്പാക്കിയത്. രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പിനോ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞക്കോ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം നിതീഷ് എത്തിയില്ല. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെട്ട നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗവും നിതീഷ് ബഹിഷ്കരിച്ചു.ബി.ജെ.പി-ജെ.ഡി.യു അകൽച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇതത്രയും. എങ്കിലും പ്രതിപക്ഷ പാർട്ടികളുമായി വീണ്ടും നിതീഷിന് കൂട്ടു കൂടാൻ പറ്റില്ലെന്ന ഉത്തമബോധ്യമായിരുന്നു ബി.ജെ.പിക്ക്. ആ കണക്കു കൂട്ടലിനപ്പുറം ചാടിക്കഴിഞ്ഞ നിതീഷ് 'ഇരുചെവിയറിയാത്ത' വിധം കസേരയിളക്കം തട്ടാതെ ചേരിമാറ്റം സാധ്യമാക്കിയപ്പോൾ അന്തിച്ചത് ബി.ജെ.പി. ഫലത്തിൽ കെണിവെച്ചത് ബി.ജെ.പി; ജെ.ഡി.യുവിന്റെ ചിഹ്നമായ അസ്ത്രം ചെന്നു കൊണ്ടത് താമരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.