ബംഗളൂരു: കോൺഗ്രസിന്റെ ജനകീയ വാഗ്ദാനങ്ങളും ജാതിസമവാക്യങ്ങൾ മാറിയതും കർണാടക തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമായതായി ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച നേതാക്കളുടെയും ചില എം.എൽ.എമാരുടെയും അനൗദ്യോഗിക യോഗം ബംഗളൂരുവിൽ ചേർന്നിരുന്നു. കോൺഗ്രസ് വാഗ്ദാനങ്ങൾ വ്യാപകമായി സ്വീകരിക്കപ്പെട്ടുവെന്നും ഭരണവിരുദ്ധതരംഗത്തിനപ്പുറം ഇതാണ് പ്രതികൂലമായി ബാധിച്ചതെന്നും യോഗം വിലയിരുത്തി.
തുടക്കത്തിൽ എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് ഒരുമിച്ച് പ്രഖ്യാപിച്ചില്ല. ഒരു തവണ ഒന്നുമാത്രം പ്രഖ്യാപിച്ച് അതിന് വ്യാപക പ്രചാരണം നൽകി. തുടർന്ന് എല്ലാ വാഗ്ദാനങ്ങളും ഉൾപ്പെടുത്തി ഗാരന്റി കാർഡുകൾ പുറത്തിറക്കി. ഇതോടെ, പ്രകടനപത്രിക ഔദ്യോഗികമായി പുറത്തിറക്കും മുമ്പുതന്നെ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾക്ക് വ്യാപക പ്രചാരണം ലഭിച്ചു. ഭരണവിരുദ്ധ തരംഗം സംസ്ഥാനത്തുടനീളം പ്രകടമായിരുന്നു. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായി ദലിത് നേതാവായ മല്ലികാർജുൻ ഖാർഗെ വന്നതോടെ പട്ടികജാതി വിഭാഗങ്ങൾ കോൺഗ്രസിന് അനുകൂലമായി ചിന്തിച്ചു.
പട്ടികജാതിക്കാരിൽ ഉപസംവരണം കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തിൽ ബഞ്ചാര സമുദായമടക്കമുള്ളവർ കടുത്ത എതിർപ്പുയർത്തിയിരുന്നു. ഇതും തോൽവിക്ക് ആക്കം കൂട്ടി. മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പയെ ഒതുക്കിയത്, പ്രധാന ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാറിനും ലക്ഷ്മൺ സവാദിക്കും സീറ്റ് നൽകാത്തത് എന്നിവമൂലം ബി.ജെ.പിയുടെ പ്രധാന ശക്തിസ്രോതസ്സായ ലിംഗായത്ത് സമുദായവും മാറിച്ചിന്തിച്ചു. ഇതോടെ ലിംഗായത്തുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽപോലും ബി.ജെ.പി തോറ്റു.
വൊക്കലിഗക്കാർക്ക് വൻസ്വാധീനമുള്ള പഴയ മൈസൂരുവിൽ ജെ.ഡി.എസിന്റെ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി നടത്തിയ കാടിളക്കിയുള്ള പ്രചാരണം തിരിച്ചടിക്കുകയാണുണ്ടായത്. ചില ജെ.ഡി.എസ് വോട്ടുകൾ കിട്ടിയതൊഴിച്ചാൽ ഇത് കോൺഗ്രസിന് അനുകൂല സാഹചര്യമൊരുക്കി. ഇതോടെ ജെ.ഡി.എസ് ജയിച്ചിരുന്ന സീറ്റുകളിൽ കോൺഗ്രസ് ജയിച്ചുകയറി -യോഗം വിലയിരുത്തി.
തോൽവി വിശദമായി പഠിക്കാനായി പാർട്ടിയുടെ സംസ്ഥാനതല-നിയമസഭ മണ്ഡലം തല യോഗങ്ങൾ ഉടൻ ചേരും. വരുംദിവസങ്ങളിൽ യോഗം ചേരുമെന്നും തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് വിലയിരുത്തി 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രവർത്തകർക്ക് നിർദേശം നൽകിയതായും സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കാട്ടീൽ പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിലെ പരാജയം പ്രധാനമന്ത്രി മോദിയുടെ പരാജയമാണെന്ന ആരോപണം കാവൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിഷേധിച്ചു. മോദി പ്രചാരണത്തിനു മാത്രമായാണ് കർണാടകയിൽ എത്തിയത്.
അങ്ങനെയെങ്കിൽ കോൺഗ്രസ് പല സംസ്ഥാനങ്ങളിലും പരാജയപ്പെട്ടതിന് ഉത്തരവാദികൾ ആരായിരിക്കുമെന്നും ബൊമ്മൈ ചോദിച്ചു. അതേസമയം, കനത്ത തോൽവി നേരിട്ട കർണാടകയിൽ ബി.ജെ.പിയുടെ നിയമസഭ കക്ഷി യോഗം ഈ ആഴ്ച ചേരും. കാവൽ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ പ്രതിപക്ഷനേതാവാകും. പല പ്രമുഖനേതാക്കളും തോറ്റതിനാൽ ബൊമ്മൈക്കാണ് സാധ്യത. യോഗത്തിൽ കേന്ദ്രനേതാക്കൾ പങ്കെടുക്കും. ഹാവേരി ജില്ലയിലെ ഷിഗോണിൽനിന്നാണ് സിറ്റിങ് എം.എൽ.എകൂടിയായ ബൊമ്മൈ ജയിച്ചത്. കോൺഗ്രസിന്റെ യാസിർ അഹ്മദ് ഖാൻ പത്താനെ 35,978 വോട്ടിനാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.