ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലെ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി. ഇതിന്റെ ഭാഗമായി യുവതി സമ്മേളനം നടത്താനാണ് ബി.ജെ.പി നീക്കം. ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കന്നി വോട്ടർമാരെയും യുവതികളെയും ലക്ഷ്യമിട്ട് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പാർട്ടിയിപ്പോൾ.
ഈ മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഇത്തരമൊരു പരിപാടിയുമായി ബി.ജെ.പി മുന്നോട്ട് എത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭ മണ്ഡലങ്ങളിൽ യുവതി സമ്മേളനം നടത്തുമെന്ന് ബി.ജെ.പി മഹിളാ മോർച്ചയുടെ ദേശീയ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. മേയിൽ കർണാടകയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ പാർട്ടിയിൽ നിന്നും അകന്നുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം ഇന്ത്യയിൽ 40 ശതമാനം സ്ത്രീ വോട്ടർമാരും കോൺഗ്രസ്സിനൊപ്പമാണ്. ബി.ജെ.പിക്കുള്ളത് 34 ശതമാനം സ്ത്രീകളുടെ പിന്തുണ മാത്രമാണ്. ബ്രിജ് ഭൂഷണെതിരെയുള്ള ഗുസ്തിതാരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങളും, മണിപ്പൂരിൽ ആൾകൂട്ടത്തിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കിയതും കേന്ദ്ര സർക്കാരിനെതിരെ പൊതുജന രോഷം സൃഷ്ടിച്ചിരുന്നു.
കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലെയും ഛത്തിസ്ഗഢലെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാത്തതും ജനങ്ങളെ ബോധവത്കരിച്ചും നരേന്ദ്ര മോദിയുടെ ക്ഷേമ പദ്ധതികളെക്കുറിച്ചും മറ്റും സ്ത്രീകൾക്ക് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്- വാനതി ശ്രീനിവാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.