ഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികക്ക് പൊതുജനാഭിപ്രായം തേടി 'അഗ്രേസർ ഗുജറാത്ത്' (പുരോഗമന ഗുജറാത്ത്) ക്യാമ്പയിൻ ആരംഭിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. 182 സീറ്റുകളുള്ള നിയമസഭയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിക്കുമെന്ന് പാട്ടീൽ പറഞ്ഞു.
ബി.ജെ.പിയുടെ ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരാണ്. 2022ലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഭൂരിപക്ഷ സീറ്റുകൾ നേടി വിജയിക്കും. പക്ഷെ അതിനു മുമ്പ് ഞങ്ങൾക്ക് ജനങ്ങളുടെ നിർദേശങ്ങൾ അറിയണം -പാട്ടീൽ കൂട്ടിച്ചേർത്തു.
2017ൽ പാർട്ടി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 78 ശതമാനവും പാലിച്ചിട്ടുണ്ട്. 75 വയസ്സിന് മുകളിലുള്ളവരേയും നേതാക്കളുടെ കുടുംബാഗങ്ങളേയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിന്റെ ഭാഗമായി എല്ലാ പൊതുസ്ഥലങ്ങളിലും നിർദേശപ്പെട്ടികൾ സൂക്ഷിക്കും. നിർദേശങ്ങൾ ഓൺലൈനായും എസ്.എം.എസ് വഴിയും രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
മുതിർന്ന ബി.ജെ.പി നേതാവ് ജയ് നാരായൺ വ്യാസ് പാർട്ടിയിൽ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു.
അതേസമയം, കോൺഗ്രസ് ദേശീയ സെക്രട്ടറി ഹിമാൻഷു വ്യാസ് ബി.ജെ.പിയിൽ ചേരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.