ആം ആദ്മി പാർട്ടിയിൽ ചേർന്ന് ബി.ജെ.പി നേതാവും ഭാര്യയും

ന്യൂഡൽഹി: ബി.ജെ.പി നേതാവ് രമേശ് പെഹൽവാനും ഭാര്യയും രണ്ടുതവണ കൗൺസിലറുമായ കുസുമം ലതയും ആം ആദ്മി പാർട്ടിയിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൂടുമാറ്റം. രമേഷ് പെഹൽവാൻ കസ്തൂർബ നഗർ മണ്ഡലത്തിൽ മത്സരിച്ചേക്കും. മൂന്നുതവണ എം.എൽ.എയായ മദൻ ലാലിന് പകരക്കാരനായാകും മത്സര രംഗത്തെത്തുക.

ദക്ഷിണ ഡൽഹിയിലെ കോട്‌ല മുബാറക്പുർ വാർഡിൽനിന്ന് രണ്ടുതവണ മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി (എം.സി.ഡി) കൗൺസിലറാണ് കുസും ലത. രണ്ടു നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കെജ്‌രിവാളിന്റെ ആശയങ്ങളിൽ സ്വാധീനം ചെലുത്തിയാണ് എ.എ.പിയിൽ ചേരുന്നതെന്ന് കുസുമം ലത പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ അധികാരം പിടിക്കാനാണ് എ.എ.പി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എ.എ.പി) പുറത്തിറക്കിയിരുന്നു. 38 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.

എ.എ.പി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2025 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. ഇതോടെ എല്ലാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ എ.എ.പി പ്രഖ്യാപിച്ചു.

കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ തള്ളിക്കളഞ്ഞ പാർട്ടി സ്വന്തം നിലയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ മത്സരിച്ചത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായി സിറ്റിങ് സീറ്റായ ബാബാർപുരിലും ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലും മത്സരിക്കും. മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ ശാകുർ ബസ്തിയിൽ വീണ്ടും ജനവിധി തേടും. 2013 മുതൽ ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെജ്രിവാളിന് ഇത്തവണ മത്സരം കടുത്തതാകും.

മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പ്രവേശ് വർമ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന. കോൺഗ്രസിനായി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിത് മത്സരിക്കും. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരാളില്ലെന്ന് കെജ്രിവാൾ പരിഹസിച്ചു. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് എ.എ.പി വീണ്ടും അധികാരത്തിലെത്തിയത്. കഴിഞ്ഞദിവസം ഡൽഹിയിലെ ക്രമസമാധാന നിലയിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കെജ്രിവാൾ കത്തെഴുതിയിരുന്നു.

Tags:    
News Summary - BJP leader Ramesh Pahelwan, his wife Kusumlata join AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.