ഗ്യാൻദേവ് അഹൂജ

'വയനാട്ടിലെ ഉരുൾപൊട്ടൽ ഗോഹത്യയുടെ അനന്തരഫലം'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിനെ ഗോവധവുമായി ബന്ധിപ്പിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഗ്യാൻദേവ് അഹൂജ. ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങൾ തുടരുമെന്ന് മുൻ രാജസ്ഥാൻ എം.എൽ.എ അവകാശപ്പെട്ടു.

ഗോഹത്യയുടെ അനന്തരഫലമാണ് വയനാട്ടിലെ ഉരുൾപൊട്ടലെന്നാണ് അഹൂജ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ലെന്നുമാണ് ഗ്യാൻദേവ് അഹൂജയുടെ വാദം.

ഗോഹത്യയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇത്തരം ദാരുണമായ സംഭവങ്ങൾ അഭിമുഖീകരിക്കുന്നു. ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരുമെന്നും അഹൂജ കൂട്ടിച്ചേർത്തു.

ആദ്യമായല്ല ഗ്യാൻദേവ് അഹൂജ വിവാദ പ്രസ്താവന നടത്തി മാധ്യമശ്രദ്ധ നേടുന്നത്. പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്നും അഞ്ച് പേരെ തങ്ങൾ കൊന്നിട്ടുണ്ടെന്നും 2022ൽ ഇയാൾ പറഞ്ഞിരുന്നു. പശുവിനെ അറുക്കുന്നവരെ മുഴുവൻ കൊല്ലണമെന്നും പ്രവർത്തകരെ ഞങ്ങൾ ജാമ്യത്തിലെടുത്ത് കുറ്റവിമുക്തരാക്കുമെന്നും അന്ന് അഹൂജ പറഞ്ഞു. പ്രസ്താവന വിവാദമായ ശേഷവും അതിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഗ്യാൻദേവ് അഹൂജ പറഞ്ഞത്. 

Tags:    
News Summary - BJP leader's 'cow slaughter' explanation for Wayanad tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.