ബംഗാളിൽ ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്

കൊല്‍ക്കത്ത: സാമ്പത്തിക തട്ടിപ്പു കേസ് ആരോപിച്ച് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ദോപാധ്യയെ സി.ബി.ഐ അറസ്റ്റ് ചെയ്ത നടപടിയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം അക്രമാസക്തമായി. ബി.ജെ.പി നേതാവ് കൃഷ്ണ ഭട്ടാചാര്യയുടെ വീട്ടിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ രാത്രി ബോംബ് ആക്രമണം നടത്തി.  മുഖംമറച്ച മൂന്നുപേർ വീട്ടിലെത്തി ബോംബെറിയുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും തന്നെ മർദിക്കുകയും ചെയ്തതായി ഭട്ടാചാര്യ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ പാര്‍ട്ടിയുടെ യുവജനവിഭാഗം കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തെതുടര്‍ന്ന് ഓഫിസിന് പുറത്ത് സി.ആര്‍.പി.എഫിനെ വിന്യസിച്ചു. തൃണമൂല്‍ പ്രവര്‍ത്തകരുടെ കല്ളേറില്‍ 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. ബി.ജെ.പി രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി നേതാവ് സുദീപ് ബന്ദോപാധ്യയ ആണ് അറസ്റ്റിലായത്. ഇതോടെ ‘റോസ് വാലി’ ചിട്ടി തട്ടിപ്പില്‍ പങ്കാരോപിച്ച് ഒരാഴ്ക്കിടെ രണ്ട് തൃണമൂല്‍ എം.പിമാര്‍ അറസ്റ്റിലായി. കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫിസില്‍ ഹാജരായ സുദീപിനെ നാലു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഹാജരാവണമെന്നാവശ്യപ്പെട്ട് മൂന്നു തവണ എം.പിക്ക് സി.ബി.ഐ സമന്‍സ് അയച്ചിരുന്നു. നേരത്തേ അറസ്റ്റിലായ എം.പി തപസ് പോള്‍ ഇപ്പോള്‍ സി.ബി.ഐ കസ്റ്റഡിയില്‍ ആണുള്ളത്. 

സുദീപിന്‍െറ അറസ്റ്റിനും നരേന്ദ്ര മോദിക്കുമെതിരെ തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ശക്തമായി രംഗത്തുവന്നു. ധൈര്യമുണ്ടെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യാന്‍ അവര്‍ മോദിയെ വെല്ലുവിളിച്ചു. സി.ബി.ഐ, ഇ.ഡി, വരുമാനനികുതി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉപയോഗിച്ച്  മോദിയുടെ നോട്ടു അസാധുവാക്കല്‍ വിഷയത്തില്‍ പ്രതികരിച്ചവരെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. നോട്ട് അസാധുവാക്കല്‍ വിഷയത്തിലുള്ള പ്രതിഷേധം തുടരുമെന്നും അവര്‍ ആവര്‍ത്തിച്ചു. 

ലോക്സഭയിലെ തങ്ങളുടെ പാര്‍ട്ടി നേതാവായ സുദീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തുവെന്നത് ആലോചിക്കാന്‍ പോലുമാവുന്നില്ല. ആദ്യം ഞെട്ടിപ്പോയി. പക്ഷേ,  ഒരിക്കലും പേടിക്കില്ല. ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. എന്നത്തെന്നെ അറസ്റ്റ് ചെയ്യാന്‍ മോദിയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും മമത ആഞ്ഞടിച്ചു. തൃണമൂല്‍ നേതാക്കളായ അഭിഷേക് ബാനര്‍ജി, സിറ്റി മേയര്‍ സോവന്‍ ചാറ്റര്‍ജി, മന്ത്രി ഫിര്‍ഹാദ് ഹകിം എന്നിവരെക്കൂടി മോദി ഉന്നമിടുന്നുവെന്ന വിവരം തനിക്ക് കിട്ടിയതായും അവര്‍ പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് നിരവധി തൃണമൂല്‍ എം.പിമാരും എം.എല്‍.എമാരും സി.ബി.ഐ ഓഫിസിന് മുന്നില്‍ എത്തിയെങ്കിലും ചില എം.പിമാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ. 

60,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് റോസ്വാലി ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നത്. രാജ്യത്തുടനീളമുള്ള പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള നിക്ഷേപകരില്‍നിന്നായി 15,000 കോടിയോളം രൂപ സമാഹരിച്ചതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കണ്ടത്തെിയതായാണ് റിപ്പോര്‍ട്ട്. ഇതിലെ നല്ലൊരു ശതമാനം പണം പല അക്കൗണ്ടുകളിലേക്കായി വകമാറ്റിയെന്നും പറയുന്നു.

Tags:    
News Summary - BJP Leader's House Bombed As Mamata Banerjee Protests 'Trinamool-Bandi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.