മുംബൈ: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ അതൃപ്തിയറിയിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ കക്ഷിയായ മഹാവികാസ് അഘാഡി (എം.വി.എ). ചരിത്രപരമാണെന്ന് ബി.ജെ.പി വിശേഷിപ്പിക്കുമ്പോഴും ബജറ്റ് ബിഹാറിനും ആന്ധ്രപ്രദേശിനും വേണ്ടി മാത്രമുള്ളതാണോ എന്ന ആശയക്കുഴപ്പത്തിലാണ് എം.വി.എ കക്ഷികൾ. ബജറ്റ് ബി.ജെ.പി നയിക്കുന്ന സർക്കാരിനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മഹാരാഷ്ട്രയോടുള്ള അപ്രീതി ബജറ്റിൽ വ്യക്തമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.
“ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും മോദി സർക്കാരിനെ പിന്തുണക്കുന്നവരാണ്. അവർക്ക് ബജറ്റിൽ കാര്യമായ പരിഗണനയും നൽകിയിട്ടുണ്ട്. ഷിൻഡെയും ബി.ജെ.പിയെ പിന്തുണക്കുന്ന വ്യക്തിയാണ്. എന്നിട്ട് മഹാരാഷ്ട്രക്ക് തിരിച്ച് എന്താണ് കിട്ടിയത്? കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ മഹാരാഷ്ട്രയെ രണ്ടാംതരമായാണ് കണക്കാക്കുന്നത് ഇതോടെ വ്യക്തമാണ്,“ മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവും മുതിൽന്ന കോൺഗ്രസ് നേതാവുമായ വിജയ് വാഡേത്തിവാർ പറഞ്ഞു.
ധനമന്ത്രി നിർമ്മല സീതാരാമൻ ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണോ ബജറ്റ് അവതരിപ്പിച്ചത് എന്നായിരുന്നു എൻ.സി.പി നേതാവ് ക്ലൈഡ് ക്രാസ്റ്റോയുടെ ചോദ്യം. ബിഹാറിനും ആന്ധ്രാപ്രദേശിനും അനുകൂലമായി ബജറ്റ് അവതരിപ്പിച്ചില്ലെങ്കിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ താഴെവീഴുമെന്ന് നേതാക്കൾക്ക് വ്യക്തമായി അറിയാം. അവർ എൻ.ഡി.എക്ക് വേണ്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേന യു.ബി.ടി നേതാവും എം.എൽ.എയുമായ ആദിത്യ താക്കറെയും കേന്ദ്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും വലിയ നികുതിദായകരായിരുന്നിട്ടും സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഒഴിവാക്കി.തിന്റെ കാരണം വ്യക്തമല്ലെന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.