പട്ന: ബിഹാറിന് പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര സർക്കാരിന്റെ പരാമർശത്തിന് നിഗൂഢ മറുപടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കേന്ദ്രത്തിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പതിയെ പതിയെ കാര്യങ്ങൾ മനസിലാകും എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. പതിവ് അവ്യക്തത നിറഞ്ഞ ചിരിയോടെയായിരുന്നു നിതീഷ് കുമാറിന്റെ മറുപടി.
പാർലമെന്റിലെ വർഷകാല സമ്മേളനത്തിലായിരുന്നു ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം കേന്ദ്രം തള്ളിയത്. എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവലെ സഞ്ജയ് കുമാർ ഝായും ലോക് ജൻ ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആർ.ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു. ഇൻഡ്യ സഖ്യവും പിന്തുണച്ചു. ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. പണ്ട് ദേശീയ വികസന കൗൺസിൽ ചില സംസ്ഥാനങ്ങൾക്ക് പദ്ധതികൾ എളുപ്പത്തിൽ ലഭിക്കാൻ പ്രത്യേക പദവി നൽകിയിരുന്നു. ആ വിഭാഗത്തിൽ ഉൾപ്പെടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സവിശേഷതകൾ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‍കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം. അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം. ഈ പട്ടിക പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
അതേസമയം പ്രത്യേക പദവി ആവശ്യം തള്ളിയെങ്കിലും ബിഹാറിനെ ബജറ്റിലൂടെ സന്തോഷിപ്പിക്കാനുള്ള ലക്ഷ്യവുമായി മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ ബിഹാറിന് പ്രത്യേക പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ബിഹാറിൽ വിവിധ മേഖലകളിലെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ബിഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, സ്പോർട്സ് മേഖലയിലെ വികസനം എന്നിവ യാഥാർഥ്യമാക്കും. പട്ന - പുർണിയ, ബക്സർ - ഭഗൽപുർ, ബോധ്ഗയ - രാജ്ഗിർ - വൈശാലി - ദർഭംഗ ഉൾപ്പെടെയുള്ള ദേശീയപാത വികസനത്തിനായി 26,000 കോടി രൂപ വകയിരുത്തി. ബക്സറിൽ ഗംഗാനദിക്കു കുറുകെ പുതിയ രണ്ടുവരി പാലം നിർമിക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 11,500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് 2,400 മെഗാവാട്ട് പവർ പ്ലാന്റ്, ഗയയിൽ ഇൻഡസ്ട്രിയൽ കോറിഡോർ എന്നീ പദ്ധതികളും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.